ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇറ്റലി പര്യടനം നഷ്ടപ്പെട്ടുപോയ അന്താരാഷ്‌ട്ര പ്രതിച്ഛായ വീണ്ടെടുക്കാനെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. 50ാം G7 ഉച്ചകോടിയിൽ പങ്കെടുക്കാനാണ് നരേന്ദ്ര മോദി ഇറ്റലിയിലേക്ക് പോകുന്നത്. ഭരണത്തിലേറിയതിന് ശേഷമുള്ള മോദിയുടെ ആദ്യ വിദേശ യാത്രയാണിത്.
2007ലെ ഉച്ചകോടിയിൽ മൻമോഹൻ സിങ് ഇന്ത്യയുടെ ശബ്ദമായി മാറി ചരിത്രം സൃഷ്ടിച്ചിരുന്നു. എന്നാൽ നരേന്ദ്ര മോദിക്ക് സ്വന്തമായി പറയാൻ ചരിത്രങ്ങളൊന്നുമില്ല മറിച്ച് പൊള്ളത്തരങ്ങളാണുള്ളതെന്ന് ജയറാം രമേശ് പറഞ്ഞു.
‘മോദി ഇറ്റലിയിലേക്ക് പറക്കുന്നത് അദ്ദേഹത്തിന്റെ നഷ്ടമായ അന്താരാഷ്ട്ര പ്രതിച്ഛായ തിരിച്ചുപിടിക്കാനാണ്. എന്നാൽ അദ്ദേഹത്തിന് അത് സാധിക്കുമോ എന്നത് സംശയമാണ്,’ ജയറാം രമേശ് പറഞ്ഞു.
കാനഡ, ജർമനി, ജപ്പാൻ, യു.എസ്.എ, ഫ്രാൻസ്, ഇറ്റലി ,യു.കെ തുടങ്ങിയ രാജ്യങ്ങളെല്ലാം 1970കളിൽ തന്നെ G7 ഉച്ചകോടിയിൽ പങ്കെടുത്ത് വരുന്നുണ്ടെന്നും 1997നും 2014നും ഇടയിൽ റഷ്യയും ഉച്ചകോടിയുടെ അംഗമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
2003ലാണ് ഇന്ത്യ, ചൈന, ബ്രസീൽ, മെക്സിക്കോ, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങൾ G7 ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും പ്രധാനമായ G7 ഉച്ചകോടി 2007ൽ ജർമനിയിലെ ഹെയ്‌ലിജെൻഡാമിൽ വെച്ച് നടന്ന ഉച്ചകോടിയാണ്. ആ വർഷത്തെ G7 ഉച്ചകോടിയിൽ ആഗോള കാലാവസ്ഥ വ്യതിയാനത്തിൽ സുപ്രധാനമായ മാറ്റങ്ങൾ കൊണ്ടുവരാനുള്ള സിങ്-മെർക്കൽ ഫോർമുല ഇന്ത്യ അവതരിപ്പിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻസിങ്ങും ജർമൻ ചാൻസലർ ആഞ്ചല മെർക്കലും ആയിരുന്നു ഫോർമുല അവതരിപ്പിച്ചതെന്നും ജയറാം രമേശ് പറഞ്ഞു.
‘മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും ജർമൻ ചാൻസിലർ ആഞ്ചല മെർക്കലും അന്ന് ചരിത്രം സൃഷ്ടിച്ചു. അന്നത്തെ ഉച്ചകോടി ഇന്നും ചർച്ച ചെയ്യപ്പെടുന്നുണ്ട്. അന്ന് മൻമോഹൻ സിങ് ഇന്ത്യയുടെ ശബ്ദമായി മാറിയിരുന്നു. ഇന്നത്തെ ചില നേതാക്കൾക്ക് സ്വന്തമായി പറയാൻ ചരിത്രങ്ങളൊന്നുമില്ല മറിച്ച് പൊള്ളത്തരങ്ങളാണുള്ളത്. ഈ വർഷത്തെ ഉച്ചകോടിയിൽ തന്റെ പ്രതിച്ഛായ വീണ്ടെടുക്കാൻ മോദി ഇറ്റലിയിലേക്ക് പറക്കുമ്പോൾ അന്ന് കോൺഗ്രസ് പ്രധാനമന്ത്രി സൃഷ്‌ടിച്ച ചരിത്രത്തിന്റെ മൂന്നിലൊന്ന് സൃഷ്ടിക്കാൻ മോദിക്കാകുമോ എന്ന് സംശയമാണ്,’ അദ്ദേഹം പറഞ്ഞു.
ജൂൺ 13 മുതൽ 15 വരെ ഇറ്റലിയിലെ ആഡംബര റിസോർട്ടിൽ വെച്ചാണ് G7 ഉച്ചകോടി നടക്കുന്നത്. ഉക്രൈനിലെ രൂക്ഷമായ യുദ്ധവും ഗസയിലെ സംഘർഷവും ഇത്തവണത്തെ ഉച്ചകോടിയിൽ ചർച്ച വിഷയമാകുമെന്ന് മാധ്യമങ്ങളും നിരീക്ഷകരും പ്രതീക്ഷിക്കുന്നു.
Content Highlight : Congress takes swipe at Modi ahead of his first Italy visit in third term