national news
ഹിമാചലില്‍ കോണ്‍ഗ്രസിന് തിരിച്ചടി; ഭൂരിപക്ഷമുണ്ടായിട്ടും രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് തോല്‍വി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Feb 27, 04:46 pm
Tuesday, 27th February 2024, 10:16 pm

ഷിംല: ഹിമാചല്‍ പ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി. അപ്രതീക്ഷിതമായി കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി ബി.ജെ.പി സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പില്‍ വിജയിച്ചതായി റിപ്പോര്‍ട്ട്.

സംസ്ഥാനത്ത് ഭൂരിപക്ഷമുണ്ടായിട്ടും സ്ഥാനാര്‍ത്ഥിയായ മനു അഭിഷേക് സിങ്വിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് ഏല്‍ക്കുന്ന വലിയ പ്രഹരം തന്നെയാണ് ഹിമാചലിലെ രാജ്യസഭാ തെരഞ്ഞെടുപ്പ്.

ആറ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വോട്ടിങ്ങില്‍ കോണ്‍ഗ്രസും ബി.ജെ.പിയും 34 സീറ്റുകള്‍ വീതം തേടി. തുടര്‍ന്ന് നടന്ന നറുക്കെടുപ്പിലൂടെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ഹര്‍ഷ് മഹാജന്‍ വിജയിക്കുകയായിരുന്നു.

68 സീറ്റുള്ള ഹിമാചല്‍ പ്രദേശ് നിയമസഭയില്‍ 40 സീറ്റ് കോണ്‍ഗ്രസിനും 25 സീറ്റ് ബി.ജെ.പിക്കും മൂന്ന് സീറ്റ് സ്വാതന്ത്രരായ പ്രതിനിധികളാക്കുമുണ്ട്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഭൂരിപക്ഷമുണ്ടായിട്ടും വോട്ടുകള്‍ എങ്ങനെയാണ് അട്ടിമറിക്കപ്പെട്ടതെന്ന് കോണ്‍ഗ്രസില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നു.

നിലവില്‍ ഹിമാചല്‍ പ്രദേശ് സര്‍ക്കാരിനെതിരെ ബി.ജെ.പി അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം കോണ്‍ഗ്രസ് എം.എല്‍.എമാരെ ബി.ജെ.പി തട്ടിക്കൊണ്ടുപോയെന്ന് പരാതി ചെയ്യപ്പെട്ടിട്ടുണ്ട്. ഹരിയാനയിലേക്കാണ് എം.എല്‍.എമാരെ തട്ടിക്കൊണ്ടുപോയതെന്ന് മുഖ്യമന്ത്രിയായ സുഖ് വീന്ദര്‍ സിങ് പറഞ്ഞു. സി.ആര്‍.പി.എഫിന്റെ കാവലിലാണ് തട്ടിക്കൊണ്ടുപോവല്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു.

ഹിമാചലിലെ എം.എല്‍.എമാരെ തട്ടിക്കൊണ്ടുപോവുന്ന രീതിയില്‍ ഒരു വിഡീയോ പ്രചരിക്കപ്പെടുന്നുണ്ട്. വിഡീയോയില്‍ കോണ്‍ഗ്രസ് എം.എല്‍.എ സുധീര്‍ ശര്‍മ, ഒരു സ്വതന്ത്ര നിയമസഭാംഗം, ഏതാനും ബി.ജെ.പി എം.എല്‍.എമാര്‍ ഉള്‍പ്പെടുന്നുണ്ടെന്ന് മാധ്യമങ്ങള്‍ പറയുന്നു.

കര്‍ണാടകയും തെലങ്കാനയും കൂടാതെ രാജ്യത്ത് കോണ്‍ഗ്രസ് അധികാരത്തിലുള്ള മൂന്ന് സംസ്ഥാനങ്ങളില്‍ ഒന്നാണ് ഹിമാചല്‍ പ്രദേശ്. കോണ്‍ഗ്രസ് സംസ്ഥാനത്ത് വെല്ലുവിളി നേരിടുമെന്ന് മുതിര്‍ന്ന നേതാക്കള്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. സംസ്ഥാന നേതൃത്വത്തില്‍ ഉയര്‍ന്നുവരുന്ന ഭിന്നിപ്പ്, രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഹിമാചല്‍ പ്രദേശ് സോണിയ ഗാന്ധിക്ക് സുരക്ഷിതമല്ലെന്ന് നേതാക്കള്‍ കോണ്‍ഗ്രസിനെ അറിയിച്ചിരുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Content Highlight: Congress suffered a setback in the Himachal Pradesh Rajya Sabha elections