national news
അങ്ങനെയെങ്കില്‍ ഞങ്ങളുടെ അക്കൗണ്ടും പൂട്ടിയേക്ക്; ട്വിറ്ററില്‍ 'ഞാനും രാഹുല്‍' ക്യാംപെയ്‌ന് തുടക്കം കുറിച്ച് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Aug 08, 02:03 pm
Sunday, 8th August 2021, 7:33 pm

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് താല്‍ക്കാലികമായി നിര്‍ത്തലാക്കിയ ട്വിറ്ററിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ഞങ്ങളുടെ അക്കൗണ്ടും ലോക്ക് ചെയ്യൂ എന്നു പറഞ്ഞുകൊണ്ടുള്ള ക്യാപെയ്‌നിനാണ് കോണ്‍ഗ്രസ് തുടക്കം കുറിച്ചിരിക്കുന്നത്.

കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജാണ് ട്വിറ്ററിനെ തങ്ങള്‍ വെല്ലുവിളിക്കുകയാണെന്ന് പറഞ്ഞുകൊണ്ട് പോസ്റ്റ് ചെയ്തത്. ‘ഞങ്ങളുടെ അക്കൗണ്ടുകളും ലോക്ക് ചെയ്യൂ, നിങ്ങളെ ഞങ്ങള്‍ വെല്ലുവിളിക്കുകയാണ്. നീതിക്കും സത്യത്തിനും വേണ്ടിയുള്ള പോരാട്ടത്തില്‍ ഞങ്ങളെ തടയാന്‍ ഒന്നിനുമാവില്ല,’ ട്വീറ്റില്‍ പറയുന്നു. ഐ ആം രാഹുല്‍ എന്ന ഹാഷ്ടാഗിനൊപ്പമാണ് പുതിയ ക്യാംപെയ്ന്‍.

കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് താല്‍ക്കാലികമായി ട്വിറ്റര്‍ നീക്കം ചെയ്തിരിക്കുകയാണെന്ന് കോണ്‍ഗ്രസ് അറിയിച്ചത്. ദല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഒമ്പതുകാരിയായ ദളിത് പെണ്‍കുട്ടിയുടെ മാതാപിതാക്കളോടൊപ്പമുള്ള ചിത്രം പങ്കുവെച്ചതിന്റെ പേരിലായിരുന്നു ഈ നടപടി.

ദേശീയ ബാലാവകാശ സംരക്ഷണ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ട്വിറ്ററിന്റെ നടപടി. രാഹുലിന്റെ ട്വീറ്റ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബാലാവകാശ സംരക്ഷണ വകുപ്പ് ആഗസ്റ്റ് 4 ന് ട്വിറ്ററിന് നോട്ടീസ് അയച്ചിരുന്നു.

രാഹുല്‍ ട്വീറ്റ് ചെയ്ത ചിത്രം പെണ്‍കുട്ടിയെ തിരിച്ചറിയാന്‍ കാരണമാകുമെന്നും അത് നീക്കം ചെയ്യണമെന്നുമാണ് ബാലാവകാശ കമ്മീഷന്റെ നോട്ടീസില്‍ പറയുന്നത്. അക്കൗണ്ടിനെതിരെ നടപടിയെടുക്കണമെന്നും ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് ഇതുവരെയും പുനസ്ഥാപിച്ചിട്ടില്ല. നിലവില്‍ രാഹുലിന്റെ ട്വിറ്ററില്‍ ആ ചിത്രം കാണാന്‍ സാധിക്കുന്നില്ല. നോ ലോങര്‍ അവയ്‌ലെബിള്‍ എന്നാണ് കാണുന്നത്.

കൊല്ലപ്പെട്ട ഒന്‍പതുകാരിയുടെ മാതാപിതാക്കളുടെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച സംഭവത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസ് എടുത്തിരുന്നു.

ദല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍ നല്‍കിയ പരാതിയിലായിരുന്നു നടപടി. പരാതിയില്‍ പോക്‌സോ നിയമത്തിലെ വകുപ്പ് 23 പ്രകാരവും ശിശുസംരക്ഷണ നിയമത്തിലെ 74-ാം വകുപ്പ്, ഐ.പി.സി 228 എ വകുപ്പുകള്‍ പ്രകാരവും കുറ്റകരമായ കാര്യമാണ് രാഹുല്‍ ചെയ്തതെന്നാണ് പറയുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Congress starts new campaign after Twitter locked Rahul Gandhi’s account