national news
രാജ്യം നീങ്ങുന്നത് അടിമത്തത്തിലേക്ക്; മോദി ഇല്ലാതായാല്‍ രാജ്യം നന്നാവും: കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Mar 14, 02:37 am
Tuesday, 14th March 2023, 8:07 am

ജയ്പൂര്‍: മോദി രാജ്യത്തുനിന്നും ഇല്ലാതായാല്‍ രാജ്യം രക്ഷപ്പെടുമെന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസ് ഇന്‍-ചാര്‍ജ് സുഖ്ജിന്ദര്‍ സിങ് രണ്‍ധാവ. ഇനിയും മോദി അധികാരത്തിലെത്തിയാല്‍ രാജ്യം നശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന്റെ പോരാട്ടം അദാനിയോടോ അംബാനിയോടോ അല്ല. അവരെല്ലാം താനെ ഇല്ലാതാകും. കോണ്‍ഗ്രസ് പോരാടുന്നത് ബി.ജെ.പിയോടാണെന്നും അദ്ദേഹം പറഞ്ഞു.

അദാനിയെ അനുകൂലിച്ചുള്ള ബി.ജെ.പി സര്‍ക്കാരിന്റെ മുതലാളിത്ത നയത്തിനെതിരെ രാജസ്ഥാന്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രാജ്ഭവന്‍ ഘരാവോ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കോണ്‍ഗ്രസ് പോരാടുന്നത് അദാനിയോടോ അംബാനിയോടോ അല്ല. മറിച്ച് ബി.ജെ.പിയോടാണ്. ബി.ജെ.പിയെ ഇല്ലാതാക്കണം. അദാനിയും അംബാനിയുമൊക്കെ താനെ ഇല്ലാതായിക്കോളും. കോണ്‍ഗ്രസ് വരുമ്പോള്‍ അദാനിയും അംബാനിയും ഉണ്ടാകരുത്. അവര്‍ ജയിലില്‍ പോകണം.

ഞങ്ങളുടെ പല നേതാക്കളും അവരെ പിന്തുണച്ചിട്ടില്ല. അത് ജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യമാണ്.

പരസ്പരമുള്ള വഴക്കുകള്‍ മാറ്റി പകരം ബി.ജെ.പിക്കും മോദിക്കുമെതിരെ പോരാടാന്‍ ഞാന്‍ എല്ലാ നേതാക്കളോടും ആവശ്യപ്പെടുകയാണ്. മോദി ഇനിയും തുടര്‍ന്നുകൂടാ. അങ്ങനെ സംഭവിച്ചാല്‍ ഈ രാജ്യം നശിക്കും. ദേശസ്‌നേഹത്തെക്കുറിച്ചൊക്കെ പറയുമെന്നല്ലാതെ മോദിക്ക് അതെന്താണെന്ന് അറിയില്ല,’ രണ്‍ധാവ പറഞ്ഞു.

പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദികള്‍ ആരാണെന്ന് രാജ്യം ചര്‍ച്ച ചെയ്യണമെന്നും, തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബി.ജെ.പി നടത്തിയ നാടകമായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സ്വാതന്ത്ര സമര കാലത്ത് ജയിലില്‍ പോയ എല്ലാവരും കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നുള്ളവരാണ്. രാജ്യത്തിന് വേണ്ടി കോണ്‍ഗ്രസ് കുടുംബത്തിന്റെ അഞ്ച് തലമുറകള്‍ ജയിലില്‍ പോയിട്ടുണ്ട്. ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍ ഓരോ കോണ്‍ഗ്രസുകാരന്റേയും രക്തമുണ്ട്.

ബ്രിട്ടീഷുകാര്‍ ഇന്ത്യയിലെത്തിപ്പോള്‍ അവര്‍ ഈസ്റ്റ് ഇന്ത്യ കമ്പനിയെ ബിസിനസ് ചെയ്യാന്‍ വാങ്ങി. അതേപോലെയാണ് മോദിയും അദാനിയും. അദാനിയെ ഈസ്റ്റ് ഇന്ത്യാ കമ്പനി പോലെ മോദിജി വാങ്ങി. അത് 200 വര്‍ഷം ഇന്ത്യയെ കൊള്ളയടിച്ചു. ഇപ്പോള്‍ കൈപ്പിടിയിലാക്കി. രാജ്യം വീണ്ടും അടിമത്തത്തിലേക്ക് നീങ്ങുകയാണ്. മോദിയല്ല, അദാനിയാണ് രാജ്യത്തെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്,’ രണ്‍ധാവ പറഞ്ഞു.

അതേസമയം കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശം അതിരുകടന്നുപോയെന്നും രണ്‍ധാവക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ബി.ജെ.പി നേതാവ് ഷെഹ്‌സാദ് പൂനാവാല പ്രതികരിച്ചു.

 

Content Highlight: Congress slams Modi says if Modi ends country will be saved