മോദിക്ക് ആത്മാഭിമാനമുണ്ടെങ്കില്‍ ബസനഗൗഡയെ ബി.ജെ.പിയില്‍ നിന്ന് പുറത്താക്കണം; വിഷകന്യ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ്
national news
മോദിക്ക് ആത്മാഭിമാനമുണ്ടെങ്കില്‍ ബസനഗൗഡയെ ബി.ജെ.പിയില്‍ നിന്ന് പുറത്താക്കണം; വിഷകന്യ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th April 2023, 7:31 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ വിഷകന്യയെന്ന് വിളിച്ച കര്‍ണാടക എം.എല്‍.എ ബസനഗൗഡക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്. ഗാന്ധി കുടുംബത്തെ എല്ലാകാലത്തും അവഹേളിക്കാനാണ് ബി.ജെ.പിയും നരേന്ദ്ര മോദിയും ശ്രമിച്ചിട്ടുള്ളതെന്നും ആത്മാഭിമാനമുണ്ടെങ്കില്‍ ബസന ഗൗഡയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ബി.ജെ.പി തയ്യാറാകണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പില്‍ പരാജയം ഭയന്ന ബി.ജെ.പി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നാണ് കോണ്‍ഗ്രസ് നേതാവും കര്‍ണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി അംഗവുമായ രണ്‍ദീപ് സിങ് സുര്‍ജേവാല അഭിപ്രായപ്പെട്ടു. മോദിയുടെയും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെയും പൂര്‍ണ പിന്തുണയിലാണ് ബസനഗൗഡ ഇത്ര തരം താണ പരാമര്‍ശം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെയും പൂര്‍ണ പിന്തുണയുള്ളത് കൊണ്ടാണ് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ ഇത്രത്തോളം തരംതാണ പരാമര്‍ശം ബി.ജെ.പി എം.എല്‍.എ നടത്തിയത്. വര്‍ഷങ്ങളായി ഗാന്ധി കുടുംബത്തെ അവഹേളിക്കാനാണ് ബി.ജെ.പിയും നരേന്ദ്ര മോദിയും ശ്രമിച്ചിട്ടുള്ളത്.

മോദി തന്നെ ഇതിന് മുമ്പ് സോണിയ ഗാന്ധിയെ കോണ്‍ഗ്രസിന്റെ വിധവയെന്ന് വിളിച്ച് ആക്ഷേപിച്ചിട്ടുണ്ട്. അതിലും വൃത്തിക്കെട്ട രീതിയില്‍ അവരെ ജെഴ്‌സി പശു എന്നൊക്കെ വിളിച്ച് അധിക്ഷേപിച്ചിട്ടുണ്ട്. അത്രക്ക് വൃത്തിക്കെട്ടവരാണ് ബി.ജെ.പി നേതാക്കള്‍.

പ്രധാനമന്ത്രിക്ക് കുറച്ചെങ്കിലും ആത്മാഭിമാനം ബാക്കിയുണ്ടെങ്കില്‍ ബസനഗൗഡയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ മോദി തയ്യാറാകണം. കൂട്ടത്തില്‍ മോദിയും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും പരസ്യമായി കോണ്‍ഗ്രസിനോടും സോണിയ ഗാന്ധിയോടും മാപ്പ് പറയണം,’ സുര്‍ജേവാല പറഞ്ഞു.

നേരത്തെ കര്‍ണാടകയിലെ കോപ്പാലില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ബസനഗൗഡ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. സോണിയ ഗാന്ധി വിഷകന്യയാണെന്നും അവര്‍ ചൈനയുടെയും പാകിസ്ഥാന്റെയും ഏജന്റാണെന്നുമാണ് ബസനഗൗഡ പറഞ്ഞത്.

Content Highlight: Congress slams basana gauda on vishakanya issue