ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ പോരാടിയ കോണ്‍ഗ്രസിനെന്ത് മോദി' : മല്ലികാര്‍ജുന്‍ ഖാര്‍ഗെ
national news
ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ പോരാടിയ കോണ്‍ഗ്രസിനെന്ത് മോദി' : മല്ലികാര്‍ജുന്‍ ഖാര്‍ഗെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th November 2023, 11:40 pm

ഭോപ്പാല്‍: കോണ്‍ഗ്രസ് ബ്രിട്ടീഷുകാരെ നാടുകടത്തിയിട്ടുണ്ടെന്നും അതിനാല്‍ കേന്ദ്ര ഏജന്‍സികളുടെ റെയ്ഡിന് പ്രവര്‍ത്തകരുടെ മനോവീര്യം തടുക്കാനാകില്ലെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയില്‍ ആയിരുന്നു ഖാര്‍ഗെയുടെ പ്രതികരണം.

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ആയ മഹാദേവ് ആപ്പിന്റെ പ്രമോട്ടര്‍മാരില്‍ നിന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഗേല്‍ 508 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്ന ആരോപണത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഛത്തീസ്ഗഢിലെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അനധികൃത ഗെയിമിംഗ് ആപ്പിന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതിലൂടെ അനധികൃതമായി പണം ലഭിച്ചതായി ഇ.ഡി അവകാശപ്പെട്ടിരുന്നു.

ഇ.ഡിയെയും ഇന്‍കം ടാക്‌സിനെയും ഉപയോഗിച്ച് കോണ്‍ഗ്രസിനെ അടിച്ചമര്‍ത്തി തെരഞ്ഞെടുപ്പ് ജയിക്കാനാണ് മോദിയും അമിത് ഷായും ശ്രമിക്കുന്നതെന്ന് ഖാര്‍ഗെ പറഞ്ഞു.

‘ഞാന്‍ ഇന്നലെ ഛത്തീസ്ഗഢില്‍ ആയിരുന്നു. മോദിയുടെയും ഷായുടെയും ഏജന്‍സികളും അവിടെയുണ്ടായിരുന്നു. ഇ.ഡി, സി.ബി.ഐ, ഐ.ടി റെയ്ഡ്‌സ് എന്നിവയിലൂടെ അവര്‍ ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരെ ഭയപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. അതിനായി അവരുടെ വീടുകളില്‍ കയറുന്നു,’ അദ്ദേഹം പറഞ്ഞു.

ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഭയപ്പെടുത്തുമെന്ന ധാരണയിലാണ് കേന്ദ്രസര്‍ക്കാര്‍ എന്നും എന്നാല്‍ അത് നടക്കില്ലെന്നും ഖാര്‍ഗേ പറഞ്ഞു.

‘ഈ റെയ്ഡുകള്‍ കാരണം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീട്ടിലിരുന്ന് നിരാശരാകുമെന്ന് അവര്‍ കരുതുന്നു പക്ഷേ അത് സംഭവിക്കില്ല. ഛത്തീസ്ഗഢിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് വിജയിക്കും,’ ഖാര്‍ഗെ പറഞ്ഞു.

ഗാന്ധിജിയുടെ നേതൃത്വത്തില്‍ ബ്രിട്ടീഷുകാരോട് യുദ്ധം ചെയ്തു അവരെ നാടുകടത്തിയവരാണ് കോണ്‍ഗ്രസ് എന്നും അതിനാല്‍ മോദിയെയും ഷായെയും കോണ്‍ഗ്രസ് ഭയപ്പെടാന്‍ പോകുന്നില്ലെന്നും ഖാര്‍ഗെ പറഞ്ഞു.

ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ പോരാടിയ കോണ്‍ഗ്രസിന് എന്ത് മോദി? ജവഹര്‍ലാല്‍ നെഹ്‌റു ജനാധിപത്യം ശക്തിപ്പെടുത്തി. ഭീം റാവു അംബേദ്കര്‍ പാവങ്ങളെ ശക്തിപ്പെടുത്താന്‍ നിയമങ്ങളുണ്ടാക്കി. അതിനാല്‍ ഞങ്ങള്‍ മോദിയെയും ഷായെയും അവരുടെ ശിഷ്യന്മാരെയും ഭയപ്പെടാന്‍ പോകുന്നില്ല. കോണ്‍ഗ്രസ് അനുദിനം ശക്തിപ്പെടുകയാണ്,’ അദ്ദേഹം റാലിയില്‍ പറഞ്ഞു.

 

content highlight : Congress sent Britishers back, raids can’t deter us: Mallikarjun Kharge in MP