പനാജി: ഗോവയില്‍ മഹാരാഷ്ട്ര ആവര്‍ത്തിക്കാന്‍ ബി.ജെ.പി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുവെന്ന് ഗോവയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദിനേശ് ഗുണ്ടു റാവു. ഗോവയിലെ ഒപ്പറേഷന്‍ താമര ചീറ്റിപ്പോയെന്നും എല്ലാ സമ്മര്‍ദങ്ങളും ഉണ്ടായിരുന്നിട്ടും യുവാക്കളും പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരും ഒരുമിച്ച് നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ മാധ്യമമായ ന്യൂസ് 18 നോടായിരുന്നു റാവുവിന്റെ പ്രതികരണം. ഖനനം, കല്‍ക്കരി, വ്യവസായ ലോബികളി നിന്നും എം.എല്‍.എമാര്‍ കടുത്ത സമ്മര്‍ദം ചെലുത്തിയിട്ടുണ്ടെന്നും റാവു ആരോപിച്ചു.
‘ഒരു മാസമായി നടക്കുന്ന ഗൂഢാലോചനയാണിത്. ഞങ്ങളുടെ വിശ്വസ്തരായ ആളുകള്‍ ആരാണെന്നും കൂറുമാറിയവര്‍ ആരാണെന്നും ഞങ്ങള്‍ക്കറിയാം, എങ്ങനെയാണ് ഗൂഢാലോചന നടത്തി മറ്റ് കോണ്‍ഗ്രസ് എം.എല്‍.എമാരെ കൂറുമാറാന്‍ ശ്രമിക്കുന്നതെന്നതും ഞങ്ങള്‍ക്ക് വ്യക്തമായ ധാരണയണ്ട്,’ റാവു പറഞ്ഞു.
11 പേരില്‍ ആറ് പേര്‍ പാര്‍ട്ടിക്കൊപ്പം തന്നെയുണ്ടെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. കൂറുമാറ്റത്തിന് നേതൃത്വം നല്‍കിയ മൈക്കിള്‍ ലോബോയെ പ്രതിപക്ഷ നേതാവ് പദവിയില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഹൈക്കമാന്റ് മുകുള്‍ വാസ്‌നിക്കിനെ നിരീക്ഷകനായി ഗോവയിലേക്ക് അയച്ചിട്ടുണ്ട്.
കൂറുമാറില്ലെന്ന് ഭരണഘടനതൊട്ട് സത്യം ചെയ്യിച്ചാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ട് മാസങ്ങള്‍ക്കകം എം.എല്‍.എമാര്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് ചേക്കേറുകയാണ്. പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോയുടെയും മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്തിന്റെയും നേത്യത്വത്തിലാണ് എം.എല്‍.എമാര്‍ ബി.ജെ.പി യിലേക്ക് പോകുന്നത്.
മൈക്കിള്‍ ലോബോ രണ്ട് എം.എല്‍.എമാര്‍ക്കൊപ്പം മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ കണ്ടു. 11 കോണ്‍ഗ്രസ് എം.എന്‍.എമാരില്‍ നിന്നും എട്ട് പേര്‍ പാര്‍ട്ടി വിട്ടാല്‍ കൂറുമാറ്റ നിരോധന നിയമം ബാധകമാകില്ല. എന്നാല്‍ ആറ് എം.എല്‍.എമാര്‍ ഒപ്പമുണ്ടെന്നും മൂന്നില്‍ രണ്ട് എം.എല്‍.എമാരെ റാഞ്ചാനുള്ള ബി.ജെ.പി ശ്രമം പാഴായെന്നുമാണ് കോണ്‍ഗ്രസ് പറയുന്നത്.
പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ഗൂഢാലോചന നടത്തി എന്നും വന്‍ തുക വാഗ്ദാനം ചെയ്താണ് എം.എന്‍.എമാരെ റാഞ്ചിയതെന്നും മൈക്കിള്‍ ലോബോയെ പ്രതിപക്ഷ നേതാവ് പദവിയില്‍ നിന്ന് നീക്കിയതായി അറിയിച്ച് ജനറല്‍ സെക്രട്ടറിദിനേശ് ഗുണ്ടു റാവു പറഞ്ഞു.
40 കോടി രൂപ എം.എല്‍.എമാര്‍ക്ക് വാഗ്ദാനം ചെയ്തതായി മുന്‍ പി.സി.സി അധ്യക്ഷന്‍ ഗിരീഷ് ചോദങ്കര്‍ ആരോപിച്ചു. ഇതിനിടെ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, സ്പീക്കര്‍ രമേഷ് തവാദ്കര്‍, ബി.ജെ.പി അധ്യക്ഷന്‍ സദാനന്ദ് തനവാഡെ തുടങ്ങിയവര്‍ തുടര്‍ നടപടികള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തി.