national news
ഭാരത് ജോഡോ യാത്ര കണ്ട് പേടിച്ചല്ലേ, കാര്യമുള്ള വല്ലതും സംസാരിക്കാന്‍ വരുന്നോ?' രാഹുല്‍ ഗാന്ധിയുടെ വസ്ത്രത്തെ ചൊല്ലിയുള്ള ബി.ജെ.പിയുടെ പോസ്റ്റിന് മറുപടിയുമായി കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Sep 09, 11:38 am
Friday, 9th September 2022, 5:08 pm

ന്യൂദല്‍ഹി: വസ്ത്രത്തെ ചൊല്ലി തമ്മില്‍ത്തല്ലി കോണ്‍ഗ്രസും ബി.ജെ.പിയും. രാഹുല്‍ ഗാന്ധി ധരിച്ച ടീഷര്‍ട്ടിന്റെ വില പറഞ്ഞുകൊണ്ട് ബി.ജെ.പിയാണ് സുപ്രധാന ‘വെളിപ്പെടുത്തല്‍’ നടത്തിയത്.

ഭാരതമേ കാണുക എന്ന തലക്കെട്ടോടെയായിരുന്നു ബി.ജെ.പി ചിത്രങ്ങള്‍ പങ്കുവെച്ചത്. ടീഷര്‍ട്ടിന്റെ വിലയും രാഹുല്‍ ഗാന്ധി അതേ ടീഷര്‍ട്ട് ധരിച്ച ചിത്രവും കാണിച്ചായിരുന്നു ബി.ജെ.പിയുടെ പോസ്റ്റ്.

സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേരാണ് ബി.ജെ.പിയുടെ കണ്ടെത്തലിനെ ട്രോളിക്കൊണ്ട് രംഗത്തെത്തിയത്.

അന്യന്റെ വസ്ത്രത്തിന്റെ വില നോക്കുമ്പോള്‍ സ്വന്തം നേതാവിന്റെ സ്യൂട്ടിന്റെ വില നോക്കാന്‍ മറക്കല്ലേ എന്നായിരുന്നു ഭൂരിഭാഗം കമന്റുകളും. മോദിജിയുടെ 10ലക്ഷം രൂപയുടെ സ്യൂട്ടിന്റെ കണക്ക് മറക്കരുതെന്നും പലരും ബി.ജെ.പിയെ ഓര്‍മിപ്പിച്ചിട്ടുണ്ട്.

ബി.ജെ.പിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഈ വെളിപ്പെടുത്തല്‍. ‘സാരമില്ല ബി.ജെ.പി പോട്ടെ’, ‘നിങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നു’, ‘രാഹുല്‍ അദ്ദേഹത്തിന്റെ പണം കൊണ്ട് എന്തെങ്കിലും വാങ്ങി ഇട്ടോട്ടെ, അതിന് നിങ്ങള്‍ക്ക് എന്താണ് ഹേ’, ‘ഗ്യാസിന്റെ വിലയൊക്കെ അറിയാമോ ബി.ജെ.പി?’, ‘ ഇന്‍വെസ്റ്റിഗേഷന്‍ ഭയങ്കരം തന്നെ’ തുടങ്ങി രസകരമായ നിരവധി കമന്റുകളാണ് ബി.ജെ.പിയുടെ പോസ്റ്റിന് താഴെയെത്തിയത്.

മലയാളികളായ നിരവധി പേരും പോസ്റ്റിന് താഴെ മോദിജിക്കെതിരെ കമന്റുകളുമായി എത്തിയിട്ടുണ്ട്.

ജനങ്ങള്‍ക്ക് പിന്നാലെ കോണ്‍ഗ്രസും ബി.ജെ.പിയെ പരിഹസിച്ച് രംഗത്തെത്തിയിട്ടുണ്ട്.

‘എന്താ.. ഭാരത് ജോഡോ യാത്രയിലെ ജനത്തിരക്ക് കണ്ട് പേടിച്ചുപോയോ?

കാര്യമുള്ള വല്ലതും സംസാരിച്ചുകൂടേ? തൊഴിലില്ലായ്മയെക്കുറിച്ചോ വിലക്കയറ്റത്തെ കുറിച്ചോ ഒക്കെ സംസാരിക്കുന്നോ?

അതോ വസ്ത്രത്തെ കുറിച്ച് തന്നെ സംസാരിക്കാനാണെങ്കില്‍ മോദിയുടെ 10 ലക്ഷത്തിന്റെ സ്യൂട്ടിനെ കുറിച്ചും ഒന്നര ലക്ഷത്തിന്റെ കണ്ണടയെക്കുറിച്ചുമൊക്കെ ഞങ്ങള്‍ക്കും സംസാരിക്കേണ്ടിവരും.

വേണോ?,’ കോണ്‍ഗ്രസ് ട്വിറ്ററില്‍ കുറിച്ചു.

Content Highlight: Congress reacts to bjp facebook post on the price of rahul gandhi t shirt