ന്യൂദല്‍ഹി: കര്‍ഷക സമരത്തെ പിന്തുണച്ച് പോപ് ഗായിക റിഹാന ഉള്‍പ്പടെയുള്ള സെലിബ്രിറ്റികള്‍ രംഗത്തെത്തിയതിനെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിനെ അനുകൂലിച്ച് ട്വീറ്റ് ചെയ്ത് ബോളിവുഡ് താരം അക്ഷയ് കുമാറിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.പി ജസ്ബീര്‍ എസ്.ജില്‍. ടൈംസ് ഓഫ് ഇന്ത്യയോടായിരുന്നു പ്രതികരണം.
ഒരു കാര്യത്തെയും ഗൗരവമായി കാണാത്തയാളാണ് അക്ഷയ് കുമാറെന്നും അദ്ദേഹത്തിന് ഐ.ക്യു ഇല്ലെന്നും ജസ്ബീര്‍ പറഞ്ഞു. പ്രധാനമന്ത്രി എന്ത് പറയുന്നുവോ അത് അനുസരിക്കലാണ് അക്ഷയ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ബോളിവുഡിലേയും മറ്റ് മേഖലകളിലേയും താരങ്ങളെ കൊണ്ട് സര്‍ക്കാരിന് അനുകൂലമായി ട്വീറ്റ് ചെയ്യിപ്പിച്ചതിന് പിന്നില്‍ ഒരു കാരണമുണ്ട്. കേന്ദ്രം സമരത്തെ പേടിക്കുന്നുവെന്നാണ് മനസ്സിലാക്കേണ്ടതെന്നും ജസ്ബീര്‍ പറഞ്ഞു.
നേരത്തെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെയും അക്ഷയ് കുമാറിന്റെ ട്വീറ്റിനെതിരെ രംഗത്തെത്തിയിരുന്നു. മോദിയെ പുകഴ്ത്താന്‍ അക്ഷയ് കുമാറിനെ പോലുള്ളവര്‍ ഉണ്ടെന്നും പിന്തെന്തിനാണ് ഭാരത് രത്‌ന ജേതാക്കളെക്കൊണ്ട് ട്വീറ്റ് ചെയ്യിപ്പിച്ചതെന്നുമായിരുന്നു താക്കറെയുടെ വിമര്‍ശനം.
കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രണ്ടുമാസത്തിലേറെയായി സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ചുകൊണ്ട് പോപ് ഗായിക റിഹാന കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇത് വലിയ രീതിയില്‍ ചര്‍ച്ചയാകുകയും ചെയ്തതോടെ നിരവധി പേര്‍ റിഹാനയെ പിന്തുണച്ചും വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നു.
സച്ചിനുള്‍പ്പെടെയുള്ള ക്രിക്കറ്റ് താരങ്ങളും സിനിമാമേഖലയില്‍ നിന്നുള്ളവരും റിഹാനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
രാജ്യത്തെ ജനങ്ങള്‍ക്ക് ഇന്ത്യയെന്താണെന്ന് അറിയാമെന്നും പുറമേ നിന്നുള്ളവരുടെ അഭിപ്രായപ്രകടനം നിയന്ത്രിക്കണമെന്നുമായിരുന്നു സച്ചിന്‍ പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഇന്ത്യയുടെ പരമാധികാരം ആര്‍ക്കുമുന്നിലും വിട്ടുവീഴ്ച ചെയ്യപ്പെടില്ല. പുറത്തുനിന്നുള്ളവര്‍ക്ക് കാഴ്ചക്കാരാകാം. രാജ്യത്തിന്റെ പ്രതിനിധികളാകാന്‍ ശ്രമിക്കരുത്. ഇന്ത്യയെന്താണെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് നന്നായി അറിയാം’, എന്നായിരുന്നു സച്ചിന്‍ ട്വിറ്ററിലെഴുതിയത്.
‘വിയോജിപ്പുകളുടെ ഈ അവസരത്തില്‍ നമുക്ക് ഒന്നിച്ചു നില്‍ക്കാം. രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണ് കര്‍ഷകര്‍. സൗഹാര്‍ദ്ദപരമായി തന്നെ ഈ വിഷയത്തില്‍ ഒരു പരിഹാരമുണ്ടാകുമെന്ന് വിശ്വസിക്കുന്നു’, എന്നായിരുന്നു കോഹ്‌ലിയുടെ ട്വീറ്റ്.
അതേസമയം കര്‍ഷക നിയമങ്ങള്‍ പൂര്‍ണ്ണമായി പിന്‍വലിക്കുന്നതുവരെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.ഖാസിപ്പൂരില്‍ കര്‍ഷകര്‍ നടത്തുന്ന സമരം ഒക്ടോബര്‍ രണ്ട് വരെ തുടരാനാണ് തങ്ങളുടെ തീരുമാനമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് പറഞ്ഞു. സമരം അക്രമാസക്തമാകില്ലെന്നും സമാധാനപരമായി തന്നെ മുന്നോട്ടുപോകുമെന്നും ടികായത് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക