മോദിയുമായുള്ള വഴിവിട്ട ബന്ധമാണ് അദാനിയെ ലോകത്തിലെ രണ്ടാമത്തെ സമ്പന്നനാക്കിയത്: രാഹുല്‍ ഗാന്ധി
national news
മോദിയുമായുള്ള വഴിവിട്ട ബന്ധമാണ് അദാനിയെ ലോകത്തിലെ രണ്ടാമത്തെ സമ്പന്നനാക്കിയത്: രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th February 2023, 3:28 pm

ന്യൂദല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ള വിവാദങ്ങള്‍ക്കിടയില്‍ അദാനി വിഷയം പാര്‍ലമെന്റില്‍ ചർച്ചയാക്കി കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. മോദിയുമായുള്ള ബന്ധവും വഴിവിട്ട സഹായവുമാണ് അദാനിയെ ലോകത്തിലെ രണ്ടാമത്തെ സമ്പന്നനാക്കിയതെന്ന് രാഹുല്‍ പറഞ്ഞു.

അദാനിയുടെയും മോദിയുടെയും ചിത്രം ലോക്‌സഭയില്‍ ഉയര്‍ത്തിയായിരുന്നു രാഹുലിന്റെ പ്രസംഗം.

‘തമിഴ്നാട്, കേരളം മുതല്‍ ഹിമാചല്‍പ്രദേശ് വരെ എല്ലായിടത്തും ഒരു പേര് കേള്‍ക്കുന്നു അദാനി, അദാനി എന്ന് മാത്രം. അദാനി ഏതെങ്കിലും ബിസിനസില്‍ ഏര്‍പ്പെട്ടാല്‍, ഒരിക്കലും പരാജയപ്പെടില്ലേ എന്ന് ആളുകള്‍ എന്നോട് ചോദിക്കാറുണ്ടായിരുന്നു.

 

അദാനി ഇത്രവേഗം എങ്ങനെ വിജയിച്ചുവെന്ന് ജനത്തിന് അറിയേണ്ടതുണ്ട്. അദാനിയുടെ ആസ്തി പലമടങ്ങ് കൂടിയത് 2014 മുതലാണ്. കേന്ദ്രത്തിന്റെ വിമാന നടത്തിപ്പ് ചട്ടം അദാനിക്ക് വേണ്ടിയാണ് മോദി മാറ്റിയത്. ഇതോടെ ആറ് വിമാനത്താവളങ്ങള്‍ അദാനിയുടെ നിയന്ത്രണത്തിലായി. മോദി അദാനിയുടെ വിധേയനാണ്. മോദിയുടെ വിദേശ നയവും വിദേശ യാത്രയും അദാനിക്ക് വേണ്ടിയാണ്,’ രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ പറഞ്ഞു.

അതിനിടെ രാഹുല്‍ പ്രസംഗിക്കുന്നതിനിടെ അദ്ദേഹത്തെ സ്പീക്കര്‍ തടഞ്ഞു. ചോദ്യോത്തര വേള തുടങ്ങിയ ഉടന്‍ തന്നെ അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നിലപാട് കടുപ്പിച്ചിരുന്നു.

 

 

രാജ്യസഭയില്‍ ചെയറിനടുത്തെത്തി ആം ആദ്മി പാര്‍ട്ടി എം.പി സഞ്ജയ് സിങ് മുദ്രാവാക്യം മുഴക്കി. എന്നാല്‍ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാനാവില്ലെന്ന് സഭാ അധ്യക്ഷന്മാര്‍ നിലപാടെടുത്തു. പ്രതിപക്ഷ പ്രതിഷേധത്തിന് പിന്നാലെ ഇരു സഭകളും പന്ത്രണ്ട് മണി വരെ നിര്‍ത്തിവെച്ചിരുന്നു.