കണ്ണൂര്‍: മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമുണ്ടെന്ന് കോണ്‍ഗ്രസ് എം.പി കെ. സുധാകരന്‍. എന്നാല്‍ അതിനുള്ള സന്ദര്‍ഭമില്ലെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമുണ്ട്. പക്ഷെ അതിനുള്ള സന്ദര്‍ഭമില്ല. ഇപ്പോള്‍ അവസരമില്ലെന്ന് എനിക്ക് അറിയാം. എന്റെ പരിമിതികളെ കുറിച്ച് നല്ല ബോധ്യമുള്ളയാളാണ് ഞാന്‍.
ഞാന്‍ പാര്‍ലമെന്റിലേക്ക് ഇഷ്ടപ്പെട്ട് മത്സരിച്ചതല്ല. നിങ്ങളോടൊക്കെ പല തവണയായി ഞാന്‍ അത് പറഞ്ഞിട്ടുണ്ട്. ഹൈക്കമാന്‍ഡിന്റെ നിര്‍ദേശവും ഉപദേശവും നിര്‍ബന്ധവും കൊണ്ടാണ് മത്സരിച്ച ആളാണ് ഞാന്‍. പാര്‍ലമെന്റല്ല എന്റെ പൊളിറ്റിക്കല്‍ വിഷന്‍, സംസ്ഥാനമാണ്.
സംസ്ഥാന രാഷ്ട്രീയത്തില്‍ നിലനില്‍ക്കണമെന്നു തന്നെയാണ് എന്റെ ആഗ്രഹം. എന്നാല്‍ പോലും കുട്ടികള്‍ മാര്‍ക്കറ്റില്‍ കളിക്കോപ്പ് വാങ്ങാന്‍ പോയ പോലെ കുട്ടിത്തം കാണിക്കാന്‍ എനിക്ക് മനസ്സില്ല. വിമാനം കാണുമ്പോള്‍ വിമാനം, ബസ് കാണുമ്പോള്‍ ബസ്, ബോള്‍ കാണുമ്പോള്‍ ബോള്‍, അതുവേണം ഇതുവേണം എന്ന് പറഞ്ഞ് ശഠിക്കാന്‍ ഞാനില്ല.
ഇപ്പോള്‍ ഞാന്‍ പാര്‍ലമെന്റ് അംഗമാണ്. അതുകൊണ്ട് പാര്‍ലമെന്റ് അംഗത്വം രാജിവെച്ച് അസംബ്ലിയിലേക്ക് പോകാനുള്ള ഒരു ആഗ്രഹവും ഇല്ലാത്തതുകൊണ്ട് തന്നെ ഇപ്പോള്‍ അതിനേക്കുറിച്ചൊന്നും ചിന്തിക്കുന്നേയില്ല,’ സുധാകരന്‍ പറഞ്ഞു.
ഇക്കുറി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഒരു അഭിപ്രായവ്യത്യാസവുമുണ്ടാവില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു. വിജയസാധ്യതയായിരിക്കും ഇക്കുറി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ മാനദണ്ഡമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഗ്രൂപ്പ് നോക്കി സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കുന്ന രീതിയുണ്ടായിരുന്നെന്നും ഇപ്രാവശ്യം അതുണ്ടാകില്ലെന്നും സുധാകരന്‍ പറഞ്ഞു. വിജയിക്കുന്ന സ്ഥാനാര്‍ത്ഥികളെ സര്‍വേ നടത്തിയാണ് കണ്ടെത്തുകയെന്നും സുധാകരന്‍ പറഞ്ഞു.
ഉമ്മന്‍ ചാണ്ടി കൂടി മടങ്ങിയെത്തിയതോടെ യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കുന്ന രീതിയുണ്ടാകുമോയെന്ന ചോദ്യത്തിന് കേരളത്തില്‍ ഒരിക്കലും അങ്ങനെയൊരു രീതി യു.ഡി.എഫ് പിന്തുടര്‍ന്നിട്ടില്ലെന്നായിരുന്നു സുധാകരന്റെ മറുപടി. ഇത്തവണയും അത്തരം കാര്യങ്ങളുണ്ടാകില്ലെന്നും അതില്‍ ആശയക്കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക