യുപി ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിച്ചേക്കില്ല
D' Election 2019
യുപി ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിച്ചേക്കില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st June 2019, 5:20 pm

ലഖ്നൗ: ഉത്തര്‍പ്രദേശിലെ 11 നിയമസഭാ സീറ്റുകളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. 11 എം.എല്‍.എമാര്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്നാണ് യുപിയില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്.

ബൂത്ത് തലം മുതല്‍ സംഘടനയെ ശക്തിപ്പെടുത്താന്‍ കഴിയുന്നതുവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്നാണ് സംസ്ഥാനത്തെ ഭൂരിപക്ഷം നേതാക്കളുടേയും അഭിപ്രായം.

തെരഞ്ഞെടുപ്പ് നേരിടുന്നതിന് മുമ്പ് പാര്‍ട്ടിയെ താഴെ തട്ടില്‍നിന്ന് ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നാവശ്യപ്പെട്ട് മുന്‍ എം.എല്‍.എമാരും എം.പിമാരും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു. ഇത് സാധ്യമായില്ലെങ്കില്‍ പാര്‍ട്ടി വലിയ വിമര്‍ശനം നേരിടേണ്ടി വരുമെന്ന അഭിപ്രായവും നേതാക്കളില്‍ ചിലര്‍ക്കുണ്ട്.

രണ്ടര വര്‍ഷം കഴിഞ്ഞ്, 2022ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കണമെന്നാണ് നേതാക്കള്‍ ആവശ്യപ്പെടുന്നത്. ‘പാര്‍ട്ടി പ്രവര്‍ത്തകരെ സജ്ജരാക്കുന്നതില്‍ ബി.ജെ.പിയെ കണ്ട് പഠിക്കണം. അതിനാവശ്യമായ സമയം എടുക്കേണ്ട
തുണ്ട്. പാര്‍ട്ടിയ താഴെ തട്ടില്‍ നിന്ന് ഉയര്‍ത്തി കൊണ്ടുവരുന്നതിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പിന് സജ്ജരായിരിക്കണം’, യു.പിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിപ്രായപ്പെട്ടു.