'മത്സരത്തിന് ചൂടേറും'; പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചു; രാംനാഥ് കോവിന്ദയ്‌ക്കെതിരെ മത്സരിക്കുന്നത് മീരാകുമാര്‍
India
'മത്സരത്തിന് ചൂടേറും'; പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചു; രാംനാഥ് കോവിന്ദയ്‌ക്കെതിരെ മത്സരിക്കുന്നത് മീരാകുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd June 2017, 6:05 pm

 

ന്യൂദല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി മുന്‍ ലോക്‌സഭ സ്പീക്കര്‍ മീര കുമാറിനെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ദല്‍ഹിയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. 17 പ്രതിപക്ഷ പാര്‍ട്ടികള്‍ മീര കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്‍തുണച്ചു.

ഇന്ത്യയുടെ ആദ്യ വനിത സ്പീക്കറായിരുന്ന മീര കുമാര്‍ പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ള ആദ്യ സ്പീക്കര്‍ എന്ന വിേഷണത്തിനും ഉടമയാണ്. രണ്ടാം യു.പി.എ സര്‍ക്കാറിന്റെ കാലത്ത് 2009 മുതല്‍ 2014 വരെയാണ് മീര കുമാര്‍ സ്പീക്കറായി സേവനം അനുഷ്ഠിച്ചത്.


Also Read: കോവിന്ദിന് കെ.ആര്‍ നാരായണനാകാനാവില്ല; വേണമെങ്കില്‍ ബി.ജെ.പിയുടെ ഒരു പ്രതിഭാ പാട്ടീല്‍ (Special Article)


പൊതു സ്വീകാര്യതയാണ് മീര കുമാറിനെ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കാനുള്ള പ്രധാന കാരണം. കൂടാതെ ബീഹാര്‍ ഗവര്‍ണറായിരുന്ന രാംനാഥ് കോവിന്ദയ്‌ക്കെതിരെ ബീഹാറില്‍ നിന്നു തന്നെയുള്ള സ്ഥാനാര്‍ത്ഥി എന്നതും മീരാ കുമാറിനെ തെരഞ്ഞെടുക്കാന്‍ കാരണമായി.

മുതിര്‍ന്ന ദളിത് കോണ്‍ഗ്രസ് നേതാവും മുന്‍ ഉപ പ്രധാനമന്ത്രിയും ആയിരുന്ന ജഗജീവന്‍ റാമിന്റെയും സ്വാത്രന്ത്ര്യ സമര സേനാനിയായിരുന്ന ഇന്ദ്രാണി ദേവിയുടെയും പുത്രിയാണ് മീരാ കുമാര്‍.


ലോക്‌സഭ സ്പീക്കറായിരിക്കെ മീര കുമാര്‍


ഒന്നാം യു.പി.എ മന്ത്രിസഭയില്‍ സാമൂഹ്യ നീതി വകുപ്പ് കൈകാര്യം ചെയ്തിരുന്ന കാബിനറ്റ് മന്ത്രിയായിരുന്നു മീര. അഞ്ച് തവണ ലോക്‌സഭാംഗമായ മീരയ്ക്ക് നിയമത്തില്‍ ബിരുദവും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ഉണ്ട്.

1985-ല്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ നിന്ന് രാജിവച്ച ശേഷമാണ് മീര സജീവ രാഷ്ട്രിയത്തില്‍ എത്തിയത്. മായാവതി, റാം വിലാസ് പാസ്വാന്‍ തുടങ്ങിയ പ്രമുഖരായ ദളിത് നേതാക്കളെ തറപറ്റിച്ചാണ് മീര രാഷ്ട്രീയത്തിലേക്ക് കാല്‍ വച്ചത്.


Don”t Miss: ‘ടിക്കറ്റില്ലാതെ യാത്ര ചെയ്യുക, ക്ഷണിക്കാത്ത പരിപാടിയില്‍ പങ്കെടുക്കുക’; ഒടുവില്‍ ‘കുമ്മനടി’ ഡിക്ഷണറിയിലും എത്തി


പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി മീര കുമാര്‍ എത്തുന്നതോടെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരം കനക്കുമെന്ന് ഉറപ്പായി. ദളിത് വിഭാഗത്തില്‍ പെട്ട ആര്‍.എസ്.എസ് വിധേയനായ രാംനാഥ് കോവിന്ദയാണ് എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി.