കൊച്ചി: തറവാടി നായരാണെന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ തന്നെക്കുറിച്ചുള്ള പ്രയോഗത്തോട് പ്രതികരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. അത് പറഞ്ഞവരോട് ഇതിനെക്കുറിച്ച് ചോദിക്കണമെന്നായിരുന്നു തരൂരിന്റെ പ്രതികരണം.
ജാതിയല്ല കഴിവാണ് പ്രധാനം. ജാതീയ പ്രവര്‍ത്തനം നടത്തുന്നുവെന്ന ആരോപണം തെറ്റാണെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു തരൂര്‍.
കേരളത്തില്‍ സജീവമായി പ്രവര്‍ത്തിക്കുമെന്നും തരൂര്‍ പറഞ്ഞു. കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ എല്ലാവരും ആവശ്യപ്പെടുന്നുണ്ട്. എല്ലാവരും ആവശ്യപ്പെടുമ്പോള്‍ പറ്റില്ലെന്ന് എങ്ങനെ പറയുമെന്നായിന്നു തരൂര്‍ വ്യക്തമാക്കിയ.
കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ശശി തരൂര്‍ എം.പി. കേരളത്തിലേക്ക് വരണമെന്നതാണ് തന്റെ ആഗഹമെന്ന് കാതോലിക്കാ ബാവാ പ്രതികരിച്ചു.
അതേസമയം, ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശശി തരൂര്‍ എം.പിയെ തറവാടി നായരെന്ന് സുകുമാരന്‍ നായര്‍ വിളിച്ചത്.
‘തരൂര്‍ ഒരു തറവാടി നായരാണ്. ഒരു ആഗോള പൗരനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ മഹത്തായ അറിവിന്റെ ഒരു നേര്‍ക്കാഴ്ച ലഭിക്കുമെന്ന് പ്രതീക്ഷിച്ചു. മാത്രമല്ല രാഷ്ട്രീയ അതിര്‍വരമ്പുകള്‍ മായ്ക്കുന്ന ആളാണ് അദ്ദേഹം.
തരൂര്‍ ദല്‍ഹി നായരാണെന്ന തന്റെ മുന്‍പരാമര്‍ശം തിരുത്തുന്നതിന് കൂടി വേണ്ടിയാണ് മന്നം ജയന്തി ആഘോഷങ്ങള്‍ക്ക് അദ്ദേഹത്തെ ക്ഷണിച്ചത്,’ എന്നാണ് സുകുമാരന്‍ നായര്‍ പറഞ്ഞത്.
തരൂര്‍ പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന, സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കുന്നയാളാണ്. അതുകൊണ്ട് അദ്ദേഹത്തെ വെറുമൊരു കോണ്‍ഗ്രസുകാരനായി കാണേണ്ടതില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.