ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശകമ്പനികളുടെ ഏജന്റാണെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്. ഒരു വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
“താങ്കള്‍ ഇപ്പോള്‍ വിദേശ
കമ്പനികളുടെ ഏജന്റായി മാറിയിരിക്കുകയാണ്. ഈ വിദേശികള്‍ക്ക് ഇന്ത്യയെ വില്‍ക്കാനാണ് നിങ്ങള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഇതും നിങ്ങള്‍ ദാവോസില്‍ ചെയ്തതും നാണക്കേടാണ്.” -വീഡിയോയില്‍ സന്ദീപ് ദീക്ഷിത് പറയുന്നു.
പാര്‍ലമെന്റ് സമ്മേളനം തുടങ്ങാനിരിക്കെയാണ് സന്ദീപ് ദീക്ഷിതിന്റെ വീഡിയോ പുറത്തു വന്നിരിക്കുന്നത്. ദല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകനാണ് സന്ദീപ് ദീക്ഷിത്.
ഇന്ത്യയിലെ 600 കോടി വോട്ടര്‍മാരാണ് തന്റെ പാര്‍ട്ടിയെ അധികാരത്തിലെത്തിച്ചത് എന്ന വിഡ്ഢിത്തമുള്‍പ്പെടെ മോദി ദാവോസില്‍ വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ പറഞ്ഞ കാര്യങ്ങളെയാണ് സന്ദീപ് ദീക്ഷിത് വിമര്‍ശിച്ചത്. സന്ദീപിനെതിരെ ബി.ജെ.പി ഇതിനകം രംഗത്തെത്തിയിട്ടുണ്ട്.
സന്ദീപ് ദീക്ഷിത് പറഞ്ഞത് അപലപനീയമാണെന്ന് ബി.ജെ.പി നേതാവ് അമിത് മാളവ്യ പറഞ്ഞു. രാജ്യത്തേയും പ്രധാനമന്ത്രിയേയും നിന്ദിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്യുന്നത് എന്നു പറഞ്ഞ അദ്ദേഹം കുറേക്കൂടി മികച്ച പ്രതിപക്ഷമാകണമെന്ന് കോണ്‍ഗ്രസിനെ ഉപദേശിക്കുകയും ചെയ്തു.
വീഡിയോ: