national news
ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ബുള്‍ഡോസര്‍ കയറ്റുമെന്ന് വോട്ടര്‍മാര്‍ക്ക് ഭീഷണി: രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 May 20, 11:44 am
Monday, 20th May 2024, 5:14 pm

റായ്ബറേലി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അഞ്ചാം ഘട്ട വോട്ടെടുപ്പ് ബി.ജെ.പി തടസപ്പെടുത്തുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. റായ്ബറേലിയിലെ ബല്‍ഹാര പോളിങ് ബൂത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നാണ് രാഹുല്‍ ഉയര്‍ത്തുന്ന ആരോപണം.

ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ബുള്‍ഡോസര്‍ കയറ്റുമെന്ന് ഭീഷണിപ്പെടുത്തുന്നതായും ആരോപണമുണ്ട്.

രാജ്യത്ത് മാറ്റത്തിന്റെ കൊടുങ്കാറ്റ് ആഞ്ഞടിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു. വെല്ലുവിളികളെ മറികടന്നുകൊണ്ട് ഇന്ത്യയിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി വോട്ടെടുപ്പിനെ നേരിടുകയാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

‘ഈ തെരഞ്ഞെടുപ്പിനെ ഇന്ത്യയിലെ ജനങ്ങള്‍ ഒറ്റക്കെട്ടായാണ് നേരിടുന്നത്. മാറ്റത്തിന്റെ കൊടുങ്കാറ്റ് രാജ്യത്തുടനീളം വീശുന്നു. അമേഠിയും റായ്ബറേലിയും ഉള്‍പ്പെടെയുള്ള മുഴുവന്‍ മണ്ഡലങ്ങളിലെയും വോട്ടര്‍മാരോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു…നിങ്ങളുടെ കുടുംബങ്ങളുടെ അഭിവൃദ്ധിക്കായി വോട്ട് ചെയ്യുക. നിങ്ങളുടെ അവകാശം, ഇന്ത്യയുടെ പുരോഗതിക്ക്,’ എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുന്നതിനായി ജനങ്ങള്‍ നിലകൊണ്ടു. കഴിഞ്ഞ നാല് വോട്ടെടുപ്പ് ഘട്ടങ്ങളില്‍ നിന്ന് ജനങ്ങള്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്ന് വ്യക്തമായിട്ടുണ്ടെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

റായ്ബറേലിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് രാഹുല്‍ ഗാന്ധി. ഏഴ് ഘട്ടങ്ങളിലായാണ് യു.പിയില്‍ വോട്ടെടുപ്പ് നടക്കുന്നത്. അഞ്ചാം ഘട്ടത്തില്‍ ഉത്തര്‍പ്രദേശിലെ 13 ലോക്സഭാ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.

മോഹന്‍ലാല്‍ഗഞ്ച്, ലഖ്നൗ, റായ്ബറേലി, അമേഠി, ജലൗണ്‍, ഝാന്‍സി, ഹമീര്‍പൂര്‍, ബന്ദ, ഫത്തേപൂര്‍, കൗശാമ്പി, ബരാബങ്കി, ഫൈസാബാദ്, കൈസര്‍ഗഞ്ച്, ഗോണ്ട എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

മുന്‍ കോണ്‍ഗ്രസ് അധ്യക്ഷയും അമ്മയുമായ സോണിയ ഗാന്ധി അഞ്ച് തവണ എം.പിയായിരുന്ന റായ്ബറേലിയിലാണ് രാഹുല്‍ ഗാന്ധി ജനവിധി തേടുന്നത്.

ഞായറാഴ്ച ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ രാഹുല്‍ ഗാന്ധിയും സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും നയിച്ച ഇന്ത്യാ മുന്നണിയുടെ റാലിയില്‍ വന്‍ തിക്കും തിരക്കും ഉണ്ടായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ നിലത്ത് വീഴുകയുമുണ്ടായി. പൊലീസിന് നിയന്ത്രിക്കാന്‍ പറ്റാത്ത ജനത്തിരക്കാണ് സംയുക്ത റാലിയില്‍ ഉണ്ടായതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കറാച്ചാനയിലെ മുംഗരില്‍ നടന്ന ഇന്ത്യാ സഖ്യത്തിന്റെ റാലിയിലും സമാനമായ തിക്കും തിരക്കും ഉണ്ടായിരുന്നു.

Content Highlight: Congress leader Rahul Gandhi says that BJP is obstructing the fifth phase of polling