ന്യൂദല്‍ഹി: മാനനഷ്ടക്കേസില്‍ കുറ്റക്കാരനാണെന്ന കോടതി വിധിക്ക് പിന്നാലെ തന്റെ എം.പി സ്ഥാനം റദ്ദാക്കപ്പെട്ട നടപടിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ ശബ്ദത്തിന് വേണ്ടിയാണ് തന്റെ പോരാട്ടമെന്നും അതിനായി എന്ത് വില നല്‍കാനും തയ്യാറാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
‘ഇന്ത്യയുടെ ശബ്ദത്തിന് വേണ്ടിയാണ് ഞാന്‍ പോരാടുന്നത്. അതിനായി
എന്ത് വില നല്‍കാനും ഞാന്‍ തയ്യാറാണ്,’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
ലോക്സഭാ സെക്രട്ടേറിയേറ്റാണ് രാഹുല്‍ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയത്. സൂറത് കോടതി വിധി വന്ന് 24 മണിക്കൂറിനുള്ളിലാണ് നടപടി.
നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി മമത ബാനര്‍ജി, അഖിലേഷ് യാദവ്, സീതാറാം യെച്ചൂരി തുടങ്ങിയ പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
2019ല്‍ നടന്ന റാലിക്കിടെ മോദി എന്ന പേരിനെതിരെ നടത്തിയ പരാമര്‍ശത്തിന് പിന്നാലെ രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തിയുള്ള സൂറത് കോടതി വിധി വന്നത്.
വിധി വന്നതിന് പിന്നാലെ രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ചൂണ്ടിക്കാട്ടി സപീക്കര്‍ക്ക് പരാതി ലഭിച്ചിരുന്നു. സുപ്രീം കോടതിയുടെ വിധി പ്രകാരം രണ്ട് വര്‍ഷമോ അതില്‍ അധികമോ ശിക്ഷ ലഭിച്ചവര്‍ അയോഗ്യരാകുമെന്നും ഇപ്രകാരം രാഹുല്‍ ഗാന്ധി അയോഗ്യനാക്കപ്പെടണമെന്നും പരാതിയില്‍ പറഞ്ഞിരുന്നു. പരാതി ലഭിച്ചതിന് പിന്നാലെ സ്പീക്കര്‍ നിയമോപദേശം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
Content Highlight: Congress leader Rahul Gandhi reacts to the cancellation of his MP post after the court verdict that he is guilty in the defamation case