കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് കെ.പി. അനില്‍ കുമാര്‍ കോണ്‍ഗ്രസില്‍ നിന്നും രാജിക്കൊരുങ്ങുന്നതായി സൂചന. രാവിലെ 11 മണിക്ക് അനില്‍ കുമാര്‍ മാധ്യമങ്ങളെ കാണുന്നുണ്ട്.
അച്ചടക്ക നടപടി പിന്‍വലിക്കാത്തതിലെ അതൃപ്തിയാണ് രാജിയിലേക്ക് നീങ്ങുന്നത്. അനില്‍ നല്‍കിയ വിശദീകരണത്തില്‍ നേതൃത്വത്തിന് തൃപ്തി ഉണ്ടായിരുന്നില്ല.
അച്ചടക്കലംഘനം നടത്തിയിട്ടില്ലെന്നും തനിക്കെതിരായ സസ്പെന്‍ഷന്‍ നടപടി പിന്‍വലിക്കണമെന്നും അനില്‍കുമാര്‍ ആവശ്യപ്പെട്ടിരുന്നു. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിന് വിലക്കുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ അച്ചടക്കലംഘനം നടത്തിയിട്ടില്ല.
പാര്‍ട്ടി ആവശ്യപ്പെട്ട പ്രകാരം കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ നടപടി പിന്‍വലിക്കണമെന്നും അനില്‍കുമാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അനില്‍കുമാറിന്റെ വിശദീകരണത്തില്‍ നേതൃത്വത്തിന് തൃപ്തിയില്ലെന്നാണ് റിപ്പോര്‍ട്ട്.
കോഴിക്കോട് എം.പി. എം.കെ രാഘവനെതിരെയും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെയും രൂക്ഷ വിമര്‍ശനമാണ് അനില്‍കുമാര്‍ നടത്തിയത്. രാഘവനാണ് കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്നായിരുന്നു അനില്‍കുമാറിന്റെ ആക്ഷേപം. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് കെ.പി. അനില്‍കുമാര്‍ ആവര്‍ത്തിച്ചിരുന്നു.
അച്ചടക്ക നടപടിയെയും അനില്‍കുമാര്‍ ചോദ്യം ചെയ്തിരുന്നു. എന്തിന്റെ പേരിലാണ് ഇപ്പോള്‍ വിശദീകരണം പോലും ചോദിക്കാതെയുള്ള നടപടിയെന്നായിരുന്നു അനില്‍കുമാര്‍ ചോദിച്ചത്.
ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരായ പരാമര്‍ശങ്ങളിലാണ് രാജ്‌മോഹന്‍ ഉണ്ണിത്താനില്‍ നിന്ന് കെ.പി.സി.സി വിശദീകരണം തേടിയത്. ഇടഞ്ഞുനിന്ന മുതിര്‍ന്ന നേതാക്കളെ അനുനയിപ്പിക്കുന്നതിന്റെ കൂടി ഭാഗമായിട്ടായിരുന്നു നടപടി. ഇക്കാര്യത്തില്‍ സുധാകരനുമായി ഫോണില്‍ സംസാരിച്ച രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തന്റെ പ്രസ്താവനയും അത് വിവാദത്തിലായപ്പോള്‍ നടത്തിയ വിശദീകരണവും ബോധ്യപ്പെടുത്തി.
കടുത്തഭാഷയിലുള്ള പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന ഉപദേശമാണ് ഉണ്ണിത്താന് നേതൃത്വം നല്‍കിയിട്ടുള്ളത്. ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് പ്രസ്താവന നടത്തിയതിന് സസ്‌പെന്‍ഷനിലായ മുന്‍ എം.എല്‍എ ശിവദാസന്‍ നായര്‍ തന്റെ വാക്കുകള്‍ സദുദേശപരമായിരുന്നുവെന്നാണ് വിശദീകരിച്ചിട്ടുള്ളത്. ഇത് തൃപ്തികരമാണെന്നാണ് നേതൃത്വം സൂചിപ്പിക്കുന്നത്.