ഇന്നേ ദിവസം ജനിച്ചതും മരിച്ചതുമായ നേതാക്കളെ അനുസ്മരിച്ച കൂട്ടത്തില്‍ ഇഹ്‌സാന്‍ ജഫ്രിയെ മറന്ന് കോണ്‍ഗ്രസ്
national news
ഇന്നേ ദിവസം ജനിച്ചതും മരിച്ചതുമായ നേതാക്കളെ അനുസ്മരിച്ച കൂട്ടത്തില്‍ ഇഹ്‌സാന്‍ ജഫ്രിയെ മറന്ന് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th February 2023, 6:39 pm

ന്യൂദല്‍ഹി: ഗുജറാത്ത് വംശഹത്യയില്‍ ജീവന്‍പൊലിഞ്ഞ മുന്‍ കോണ്‍ഗ്രസ് എം.പി ഇഹ്‌സാന്‍ ജഫ്രിയെ ഓര്‍ക്കാതെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകള്‍.

ഇന്നേ ദിവസം ജനിച്ചതും മരിച്ചതുമായ കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രങ്ങള്‍ പ്രത്യേകമായി നീല ടിക്കുള്ള കോണ്‍ഗ്രസിന്റെ വെരിഫൈഡ് ട്വിറ്റര്‍, ഫേസ്ബുക്ക് പേജുകളില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇക്കൂട്ടത്തില്‍ ഈ ദിവസം ഗുജറാത്ത് വംശഹത്യക്കിടെ അതിദാരുണമായി കൊല്ലപ്പെട്ട ഇഹ്‌സാന്‍ ജഫ്രി ഉള്‍പ്പെട്ടിട്ടില്ല.

കര്‍ണാടക മുന്‍ മുഖ്യമന്ത്രിയായ വീരേന്ദ്ര ബസപ്പ പാട്ടീലിന്റ ജന്മദിനം, സ്വാതന്ത്ര്യ സമര സേനാനി കമലാ നെഹ്റുവിന്റെ ചരമവാര്‍ഷികം, ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദിനെ ചരമ വാര്‍ഷികം എന്നിവ ഓര്‍ത്തെടുത്തായിരുന്നു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പേജില്‍ വന്ന പോസ്റ്റുകള്‍.

എന്നാല്‍ ഇക്കൂട്ടത്തില്‍ ഇഹ്‌സാന്‍ ജഫ്രിയെ വിട്ടുപോയതില്‍ സമൂഹ മാധ്യമങ്ങളില്‍ കോണ്‍ഗ്രസിനെതിരെ വലിയ വിമര്‍ശനം നേരിടുന്നുണ്ട്. ഇഹ്‌സാന്‍ ജഫ്രിയുടെ
രക്തസാക്ഷിത്വത്തിന് രണ്ട് പതിറ്റാണ്ട് പിന്നിടുന്ന ദിവസത്തിലാണ് അദ്ദേഹത്തെ കോണ്‍ഗ്രസ് അവഗണിക്കുന്നതെന്നാണ് വിമര്‍ശനം.

അതേസമയം, ഇഹ്‌സാന്‍ ജഫ്രിയെ അനുസ്മരിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. സംഘപരിവാറിന്റെ ആക്രമണോത്സുക വര്‍ഗീയതയ്‌ക്കെതിരായുള്ള സാകിയയുടെ പോരാട്ടങ്ങള്‍ക്കൊപ്പം ഐക്യപ്പെടാന്‍ മതനിരപേക്ഷ ഇന്ത്യയോട് ആഹ്വാനം ചെയ്യുന്നതാണ് ഇഹ്‌സാന്‍ ജഫ്രിയുടെ സ്മരണയെന്ന് പിണറായി വിജയന്‍ സ്മരിച്ചു.

‘മുന്‍ കോണ്‍ഗ്രസ് എം.പി ഇഹ്‌സാന്‍ ജഫ്രിയുടെ ഓര്‍മദിനമാണ് ഇന്ന്. ഗുജറാത്ത് വംശഹത്യയില്‍ ആ ജീവന്‍ വെന്തൊടുങ്ങിയിട്ട് രണ്ട് ദശാബ്ദം പിന്നിട്ടിരിക്കുന്നു.
2002 ഫെബ്രുവരി 28ന് സംഘപരിവാര്‍ കലാപകാരികള്‍ അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റി ആക്രമിച്ചപ്പോള്‍ ഇഹ്‌സാന്‍ ജഫ്രിയുടെ വീട്ടിലേക്കാണ് കോളനി നിവാസികള്‍ അഭയം തേടിയെത്തിയത്.

പ്രാണരക്ഷാര്‍ത്ഥം തന്റെ വീട്ടിലേക്കോടിയെത്തിയവരെ രക്ഷിക്കാനായി ജഫ്രി ഫോണിലൂടെ അധികാരകേന്ദ്രങ്ങളെ ബന്ധപ്പെട്ടെങ്കിലും ചെറുവിരലനക്കാന്‍ ഭരണകൂടം തയ്യാറായില്ല. തുടര്‍ന്ന് സംഘപരിവാര്‍ നടത്തിയ തീവെപ്പില്‍ ജഫ്രിയുള്‍പ്പെടെ 69 പേര്‍ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ വെന്തുമരിക്കുകയായിരുന്നു.

വംശഹത്യാക്കാലത്ത് ഗുജറാത്തില്‍ അരങ്ങേറിയ ന്യൂനപക്ഷവേട്ടയുടെ പരിഛേദമാണ് ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ കണ്ടത്.
ഈ നരമേധത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ ഇഹ്‌സാന്‍ ജഫ്രിയുടെ ഭാര്യ സാകിയ ജഫ്രി നിയമപോരാട്ടം തുടങ്ങിയിട്ട് ഇരുപതുവര്‍ഷം കഴിഞ്ഞിരിക്കുന്നു. സാകിയയ്ക്ക് ഇന്നും നീതി ലഭ്യമായിട്ടില്ല,’ പിണറായി വിജയന്‍ പറഞ്ഞു.


Content Highlight: Congress forgot Ehsan Jafri among the leaders who were born and died on this day