ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്‌നാട്ടില്‍ സഖ്യകക്ഷിയായ കോണ്‍ഗ്രസിന് 21 സീറ്റില്‍ കൂടുതല്‍ നല്‍കാനാകില്ലെന്ന് ഡി.എം.കെ. സീറ്റ് നിര്‍ണയ ചര്‍ച്ചയ്ക്കായി തമിഴ്‌നാട്ടിലെത്തിയ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തക സമിതിയോടാണ് ഡി.എം.കെ നിലപാട് വ്യക്തമാക്കിയത്. ഇതോടെ സീറ്റ് നിര്‍ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലും ഡി.എം.കെയിലും ഭിന്നത രൂക്ഷമാകുകയാണ്.
കഴിഞ്ഞ തവണ മത്സരിച്ച 41 സീറ്റുകളേക്കാള്‍ കൂടുതല്‍ വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അനുവദിക്കാനാകില്ലെന്നാണ് ഡി.എം.കെ വ്യക്തമാക്കിയത്.
പുതുച്ചേരിയില്‍ ഭരണം നഷ്ടമായതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബീഹാറിലെ കോണ്‍ഗ്രസിന്റെ മോശം പ്രകടനവും ഇതുവഴി ആര്‍.ജെ.ഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിനേറ്റ പരാജയവും ഡി.എം.കെ നേതാക്കള്‍ ഉയര്‍ത്തിക്കാട്ടിയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
തമിഴ്‌നാടിന്റെ ചുമതലയുള്ള എ.ഐ.സി.സി അംഗം ദിനേശ് ഗുണ്ടുറാവു, പുതുച്ചേരി മുന്‍മുഖ്യമന്ത്രി നാരായണസാമി, എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. കനിമൊഴി അടക്കമുള്ളവരാണ് ഡി.എം.കെയെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തത്.
പുതുച്ചേരിയില്‍ സഖ്യമായി മത്സരിക്കാനില്ലെന്ന് ഡി.എം.കെ അറിയിച്ചിരുന്നു. എന്നാല്‍ സഖ്യ സാധ്യതകളുമായി ബന്ധപ്പെട്ട ചര്‍ച്ചകളും നടക്കുന്നുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തമിഴ്‌നാട്ടില്‍ 41 സീറ്റുകളിലാണ് മത്സരിച്ചത്. ഇത്തവണ ഡി.എം.കെ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് നല്‍കില്ലെന്ന സൂചനകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
കഴിഞ്ഞ തവണ 41 സീറ്റുകള്‍ ലഭിച്ചെങ്കിലും കോണ്‍ഗ്രസ് എട്ടു സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്. ഈ സാഹചര്യം പരിഗണിച്ച് അധിക സീറ്റുകള്‍ അനുവദിക്കുന്നത് മുന്നണിക്ക് തിരിച്ചടിയാകുമെന്നാണ് ഡി.എം.കെ വിലയിരുത്തുന്നത്.
കോണ്‍ഗ്രസിന് അധിക സീറ്റുകള്‍ നല്‍കിയാല്‍ അധികാരം നഷ്ടമാകുമെന്ന വിമര്‍ശനം ഡി.എം.കെ നേതൃത്വത്തിനുള്ളില്‍ നിന്നും ഉയരുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ഉമ്മന്‍ ചാണ്ടിയുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തില്‍ ഡി.എം.കെയുമായി ചര്‍ച്ച നടത്തിയത്.
എന്നാല്‍ ചര്‍ച്ചയില്‍ സമവായത്തിലെത്താന്‍ സാധിക്കാത്തതിനാല്‍ ഇനിയും യോഗം ചേരേണ്ടിവരുമെന്ന് തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.എസ്. അഴഗിരി പറഞ്ഞു. ഹൈക്കമാന്റിന്റെ ഇടപെടല്‍ കാര്യക്ഷമമല്ലെന്ന വിമര്‍ശനവും ഡി.എം.കെയ്ക്കുണ്ട്.