ഭോപ്പാല്‍: ബി.ജെ.പി നേതാക്കള്‍ ഗുരുഗ്രാമിലെ ഹോട്ടലില്‍ താമസിപ്പിച്ചിരുന്ന അഞ്ച് കോണ്‍ഗ്രസ് എം.എല്‍.എമാരും ഒരു സ്വതന്ത്ര എം.എല്‍.എയും മടങ്ങിയെത്തിയെന്ന് കോണ്‍ഗ്രസ്. എന്നാല്‍ തങ്ങളുടെ നാല് എം.എല്‍.എമാരെ ബി.ജെ.പി കര്‍ണാടകത്തിലേക്ക് കടത്തിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു. മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാമാരും ഒരു സ്വതന്ത്ര എം.എല്‍.എയുമാണ് കര്‍ണാടകത്തില്‍ ഉള്ളതെന്നാണ് കോണ്‍ഗ്രസ് ആരോപണം.
ഇന്നലെ രാത്രി തങ്ങളുടെ എട്ട് എം.എല്‍.എമാരെ ബി.ജെ.പി ഗുരുഗ്രാമിലെ ഹോട്ടലിലേക്ക് കടത്തിയെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചത്. നാല് കോണ്‍ഗ്രസ് എം.എല്‍.എമാരും രണ്ട് ബി.എസ്.പി എം.എല്‍.എമാരും ഒരു എസ്.പി എം.എല്‍.എയും ഒരു സ്വതന്ത്രനുമാണ് റിസോര്‍ട്ടില്‍ ഉള്ളതെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചത്.
മുന്‍മുഖ്യമന്ത്രി ശിവരാജ് സിങും മുന്‍മന്ത്രി നരോത്തം മിശ്രയും ചേര്‍ന്ന് 25- 30 കോടി വാഗ്ദാനം ചെയ്ത് എം.എല്‍.എമാരെ തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംങ് പറഞ്ഞിരുന്നു.
ബി.ജെ.പി നേതാക്കള്‍ സൗജന്യമായി പണവുമായി സമീപിച്ചാല്‍ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് എം.എല്‍.എമാരോട് പറഞ്ഞിട്ടുണ്ടെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് ഇന്നലെ പറഞ്ഞിരുന്നു. തന്റെ സര്‍ക്കാരിന് കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.