national news
'ശിവനും വിഷ്ണുവും' ഭരിക്കുന്ന മധ്യപ്രദേശിലെ കൊവിഡ് മരണമെത്രയാണെന്ന് അറിയാമോ? ബി.ജെ.പിയോട് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Aug 09, 10:00 am
Monday, 9th August 2021, 3:30 pm

ഭോപ്പാല്‍: മധ്യപ്രദേശില്‍ കൊവിഡ് ബാധിക്കില്ലെന്ന ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ്. പ്രവര്‍ത്തകരുടെ കൈയടി നേടാന്‍ ബി.ജെ.പി നേതാക്കള്‍ സ്ഥിരമായി ഇത്തരം വാക്കുകള്‍ ഉപയോഗിക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞു.

മധ്യപ്രദേശിനെ നയിക്കുന്നത് ‘ശിവനും വിഷ്ണു’വുമാണെന്നതിനാല്‍ സംസ്ഥാനത്ത് കൊവിഡ് ബാധിക്കില്ലെന്നായിരുന്നു ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ഛുഗ് പറഞ്ഞത്.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ വിഷ്ണു ദത്ത് ശര്‍മ്മയുമാണ്. ഇതുമായി താരതമ്യപ്പെടുത്തിയാണ് തരുണിന്റെ വാദം.

എന്നാല്‍ മധ്യപ്രദേശില്‍ ഈ ജനുവരി മുതല്‍ മേയ് വരെ 3.28 ലക്ഷം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്ന് കോണ്‍ഗ്രസ് പറഞ്ഞു. സാധാരണ മരണനിരക്കിനേക്കാള്‍ 54 ശതമാനം കൂടുതലാണ് ഇതെന്ന് കോണ്‍ഗ്രസ് വക്താവ് ഭൂപേന്ദ്ര ഗുപ്ത പറഞ്ഞു.

ഡിസംബറോട് കൂടി രാജ്യത്ത് 135 കോടി വാക്‌സിനുകള്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

സംഭവം വിവാദമായതോടെ ബി.ജെ.പി സംസ്ഥാന സെക്രട്ടറി ന്യായീകരണവുമായി രംഗത്തെത്തി. തരുണ്‍ സ്വതസിദ്ധമായ ശൈലിയില്‍ പറഞ്ഞതിനെ വളച്ചൊടിക്കേണ്ടെന്ന് സംസ്ഥാന സെക്രട്ടറി രജ്‌നീഷ് പറഞ്ഞു.

ഞായറാഴ്ച സംസ്ഥാനത്ത് 10 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതുവരെ 791960 പേര്‍ക്കാണ് മധ്യപ്രദേശില്‍ കൊവിഡ് ബാധിച്ചിട്ടുള്ളത്.

10514 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Congress BJP Madhyapradesh Shiv Vishnu