ദേശീയ അന്വേഷണ ഏജന്‍സികളെ ബി.ജെ.പി രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നു: അജയ് മാക്കന്‍
ജയ്പൂര്‍: അന്വേഷണ ഏജന്‍സികളെ ബി.ജെ.പി രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി വിനിയോഗിക്കുന്നതായി കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍.
രാജീവ് ഗാന്ധി ഫൗണ്ടേഷനും രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റും കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന മെഹുല്‍ ചോക്‌സി, റാണ കപൂര്‍, ജിഗ്നേഷ് ഷാ, സാക്കിര്‍ നായിക്ക് തുടങ്ങിയവരില്‍ നിന്നും സംഭാവന സ്വീകരിച്ചിരുന്നെന്ന് ബി.ജെ.പി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. രാജീവ് ഗാന്ധി ഫൗണ്ടേഷന് ലഭിച്ച് സംഭാവനകളുടെ ഉറവിടം വ്യക്തമാകുന്നതിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്നും ബി.ജെ.പി പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് അജയ് മാക്കന്റെ പ്രതികരണം.
‘രാജസ്ഥാനിലും മറ്റു സംസ്ഥാനങ്ങളിലും ബി.ജെ.പിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും സി.ബി.ഐയെയും രാഷ്ട്രീയ താത്പര്യത്തിന് വേണ്ടി ഉപയോഗിക്കുന്നത്,’ അജയ്മാക്കന്‍ പ്രതികരിച്ചു.
ഇഡി ആദ്യം തന്നെ അന്വേഷണത്തിനായി കടന്നുവരില്ലെന്നും നേരത്തെയുണ്ടാകുന്ന അന്വേഷണങ്ങളില്‍ പൊരുത്തക്കേടുകള്‍ കാണുമ്പോഴാണ് അവര്‍ കേസ് അന്വേഷിക്കാനായി മുന്നോട്ട് വരികയെന്നും അദ്ദേഹം പറഞ്ഞു.
‘ഇ.ഡി ആദ്യം അന്വേഷണത്തില്‍ വരില്ല. നിയമം അറിയുന്നവര്‍ക്ക് മനസിലാകും, മറ്റു ഏജന്‍സികളുടെ അന്വേഷണത്തില്‍ ഏതെങ്കിലും തരത്തിലുള്ള പൊരുത്തക്കേടുകള്‍ കാണുമ്പോഴാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണ രംഗത്തേക്ക് വരിക. അത് മറ്റ് ഏജന്‍സികള്‍ അന്വേഷിക്കുകയും അത്തരം പൊരുത്തക്കേടുകള്‍ കണ്ടു പിടിക്കപ്പെടുകയും അത് തെളിയിക്കപ്പെടുകയും ചെയ്യുമ്പോഴാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണ രംഗത്തേക്ക് വരിക,’ അജയ് മാക്കന്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തന മികവില്‍ സംതൃപ്തിയുണ്ടന്നും രാജസ്ഥാന്‍ കോണ്‍ഗ്രസിന്റെ ചുമതലയുള്ള അജയ് മാക്കന്‍ പറഞ്ഞു.
‘മന്ത്രിമാര്‍ പ്രകടനപ്പട്ടികയില്‍ പറഞ്ഞ പോലുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ട് നല്‍കി. ഞാന്‍ സന്തുഷ്ടനാണ്. സംതൃപ്തനാണ്. ഒരു സര്‍ക്കാര്‍ അവരുടെ പ്രകടനപ്പട്ടികയില്‍ പറഞ്ഞ കാരങ്ങളില്‍ 60-70 ശതമാനം പൂര്‍ത്തിയാക്കിയാല്‍ അതൊരു മികച്ച നീക്കമാണെന്ന് അദ്ദേഹം മനസിലാക്കണം,’ അജയ് മാക്കന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പാര്‍ട്ടി നേതാക്കളുമായി കോണ്‍ഗ്രസ് സംസ്ഥാന കോണ്‍ഗ്രസ് നേരിട്ട് നേതാക്കളില്‍ നിന്നും പ്രതികരണം ആരായുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlight: Congress’ Ajay Maken says BJP is using Investigative agencies for their use