national news
അടുത്ത 48 മണിക്കൂര്‍ കോണ്‍ഗ്രസിന് നിര്‍ണായകം; സോണിയാ ഗാന്ധിക്ക് മുന്നേ തീരുമാനമെടുക്കാന്‍ ജി-23 നേതാക്കള്‍?
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Mar 11, 04:20 am
Friday, 11th March 2022, 9:50 am

ന്യൂദല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ അസ്വാരസ്യം.

അടുത്ത 48 മണിക്കൂറിനുള്ളില്‍ കോണ്‍ഗ്രസിലെ ജി-23 നേതാക്കള്‍ യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

”നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലങ്ങളിലും കോണ്‍ഗ്രസിന്റെ പെട്ടന്നുള്ള തകര്‍ച്ചയിലും ജി-23 നേതാക്കള്‍ അസ്വസ്ഥരാണ്. അടുത്ത 48 മണിക്കൂറിനുള്ളില്‍ നേതാക്കള്‍ യോഗം ചേരും,” പേര് വെളിപ്പെടുത്താതെ ഒരു നേതാവ് പ്രതികരിച്ചു.

മണിപ്പൂര്‍, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ഗോവ എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്.
അധികാരത്തില്‍ ഉണ്ടായിരുന്ന പഞ്ചാബിലും പാര്‍ട്ടി ദയനീയമായി പരാജയപ്പെട്ടു. പഞ്ചാബില്‍ ആംആദ്മിയാണ് ജയിച്ചത്.

അഞ്ച് സംസ്ഥാനങ്ങളിലും തോല്‍ക്കുകയാണെങ്കില്‍ പാര്‍ട്ടിയെ നവീകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി കഴിഞ്ഞദിവസം പ്രതികരിച്ചത്.

തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമാണ്, എന്നാല്‍ ജനങ്ങളുടെ അനുഗ്രഹം നേടുന്നതില്‍ തങ്ങള്‍ പരാജയപ്പെട്ടുവെന്നത് അംഗീകരിക്കുന്നുവെന്നാണ് രണ്‍ദീപ് സിംഗ് പറഞ്ഞത്. ഫലം വിലയിരുത്താന്‍ സോണിയാ ഗാന്ധി ഉടന്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗം വിളിക്കാന്‍ തീരുമാനിച്ചതായും സുര്‍ജേവാല പറഞ്ഞിരുന്നു.

സോണിയാ ഗാന്ധിയുടെ യോഗത്തിന് മുമ്പ് തന്നെ വിമത നേതാക്കളുടെ യോഗം ഉണ്ടാകാനാണ് സാധ്യത. കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ടാണ് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ 23 നേതാക്കള്‍ രംഗത്തെത്തിയത്. അഞ്ച് സംസ്ഥാനങ്ങളിലും തോല്‍വി സംഭവിച്ചതോടെ കോണ്‍ഗ്രസില്‍ നേതൃമാറ്റം അനിവാര്യമാണെന്ന ആവശ്യം വീണ്ടും ബലപ്പെടുകയാണ്.

Content Highlights: Congress after Election result