മുസ്‌ലിം ലീഗ് 'വിഭജന പ്രമേയം' പാസാക്കിയ ദിനത്തില്‍ പാകിസ്ഥാന് അഭിനന്ദനമറിയിച്ചതും മോദി, ഇപ്പോള്‍ വിമര്‍ശിക്കുന്നതും മോദി; പ്രധാനമന്ത്രിയുടെ പഴയ ട്വീറ്റ് കുത്തിപ്പൊക്കി കോണ്‍ഗ്രസ്
ന്യൂദല്‍ഹി: ആഗസ്റ്റ് 14 ഇനി മുതല്‍ വിഭജനഭീതിയുടെ ഓര്‍മ്മദിനമായി ആചരിക്കുമെന്നപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. മോദി വിഭജനത്തിന്റെ രാഷ്ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ഒരു വശത്ത് പ്രധാനമന്ത്രി പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ അറിയിക്കുമ്പോള്‍, മറുവശത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പാകിസ്ഥാനെ വിമര്‍ശിക്കുകയാണെന്നും കോണ്‍ഗ്രസ് മുഖ്യ വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.
” തെരഞ്ഞെടുപ്പില്ലാത്തപ്പോള്‍, പ്രധാനമന്ത്രി പാകിസ്ഥാനോടുള്ള സ്‌നേഹം പ്രകടിപ്പിക്കുകയും മുസ്‌ലിം ലീഗ് 1940 ല്‍ ‘വിഭജന പ്രമേയം’ പാസാക്കിയ ദിവസമായ മാര്‍ച്ച് 22 ന് അയല്‍രാജ്യത്തെ അഭിനന്ദിക്കുകയും ചെയ്തു. എല്ലാ ആഗസ്റ്റ് 14നും അഭിനന്ദിക്കുകയും ചെയ്യുന്നു,” സുര്‍ജേവാല പറഞ്ഞു.
ആഗസ്റ്റ് 14 ന് പാകിസ്ഥാനുള്ള പ്രധാനമന്ത്രിയുടെ അഭിനന്ദന കത്തും മാര്‍ച്ച് 22ലെ ട്വീറ്റുകളും കോണ്‍ഗ്രസ് പങ്കുവെച്ചു.
ഞായറാഴ്ച രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വര്‍ഷം ആഘോഷിക്കാനൊരുങ്ങുന്നതിന് തൊട്ടുമുന്‍പാണ് ആഗസ്റ്റ് 14 ഇനി മുതല്‍ വിഭജനഭീതിയുടെ ഓര്‍മ്മദിനമായി ആചരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം.
വിഭജനത്തിന്റെ വേദന ഒരിക്കലും മറക്കാനാകില്ലെന്നും അന്ന് ജനങ്ങള്‍ അനുഭവിച്ച ദുരിതത്തിന്റെ ഓര്‍മ്മയിലാണ് വിഭജനഭീതിയുടെ ഓര്‍മ്മദിനം ആചരിക്കുന്നതെന്നും മോദി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മോദി പുതിയ ദിനാചാരണത്തെ കുറിച്ചറിയിച്ചത്.