ഭോപ്പാല്‍: മധ്യപ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനം ആര്‍ക്കു നല്‍കണമെന്നതു സംബന്ധിച്ച് കോണ്‍ഗ്രസിനുള്ളില്‍ ഭിന്നത. കമല്‍ നാഥിനുവേണ്ടി ഒരു വിഭാഗവും ജ്യോതിരാദിത്യ സിന്ധ്യയ്ക്കുവേണ്ടി മറ്റൊരു വിഭാഗവും രംഗത്തെത്തിയിരിക്കുകയാണ്. ഇതോടെ നിയമസഭാ കക്ഷി യോഗം വീണ്ടും ചേരാന്‍ തീരുമാനിച്ചിരിക്കുകയാണ്.
മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ഇന്നലെ നടന്ന യോഗത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് മുന്നോട്ടുവെച്ചത് കമല്‍ നാഥിന്റെ പേരായിരുന്നു. കമല്‍നാഥ് മുഖ്യമന്ത്രിയാകട്ടെയെന്ന തീരുമാനം സിന്ധ്യയും അംഗീകരിച്ചിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ ചില എം.എല്‍.എമാര്‍ സിന്ധ്യയ്ക്കുവേണ്ടി രംഗത്തുവരികയായിരുന്നു.
സിന്ധ്യയും കമല്‍നാഥും ഇപ്പോള്‍ ദല്‍ഹിയിലാണ് ഉള്ളത്. കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയും ദല്‍ഹിയിലുണ്ട്. ആന്റണി രാഹുല്‍ ഗാന്ധിയുമായി മധ്യപ്രദേശിലെ വിഷയം ചര്‍ച്ച ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്.
സിന്ധ്യയെ മുന്‍നിര്‍ത്തിയാണ് ഇത്തവണ വോട്ടു തേടിയതെന്നും അതിനാലാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ കഴിഞ്ഞതെന്നുമാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. അദ്ദേഹമായിരിക്കും മുഖ്യമന്ത്രിയെന്നാണ് തുടക്കം മുതല്‍ കോണ്‍ഗ്രസ് പ്രചരണം നടത്തിയത്. മധ്യപ്രദേശില്‍ 15 വര്‍ഷത്തെ ബി.ജെ.പി ഭരണം അവസാനിപ്പിക്കാന്‍ ഇത് സഹായിച്ചെന്നും ഇവര്‍ അവകാശപ്പെടുന്നു.
വൈകിട്ടു നാലുമണിക്ക് കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷിയോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. അതിനു മുമ്പ് പ്രശ്‌നം പരിഹരിക്കാനാണ് സംസ്ഥാന നേതൃത്വവും ഹൈക്കമാന്റും ശ്രമിക്കുന്നത്.
ദിഗ്‌വിജയ് സിങ് കമല്‍നാഥിനെ അനുകൂലിക്കണം എന്ന ആവശ്യമാണ് ഉയര്‍ത്തുന്നത്. കമല്‍ നാഥിന് 72 വയസായി. അദ്ദേഹത്തിന് മുഖ്യമന്തിയാവാന്‍ ഇനിയൊരു അവസരം ലഭിക്കണമെന്നില്ലെന്നും ദിഗ്‌വിജയ് സിങ് വാദിക്കുന്നു.