ജയ്പൂര്‍: അജ്മീറിലെ ഖ്വാജ മുയ്‌നുദ്ദീന്‍ ചിഷ്തിയുടെ ദര്‍ഗയില്‍ ശിവക്ഷേത്രമുണ്ടെന്ന് അവകാശപ്പെടുന്ന ഹരജിയില്‍ കോടതി നടപടികളുമായി മുന്നോട്ട് പോകാന്‍ തയ്യാറാണെന്ന് ദര്‍ഗ കമ്മറ്റി അറിയിച്ചു. ഹിന്ദു സംഘടന നല്‍കിയ ഹരജി കോടതി സ്വീകരിച്ച സാഹചര്യത്തില്‍ നിയമപരമായി മറുപടി നല്‍കാമെന്നാണ് അജ്മീര്‍ ഷരീഫ് ദര്‍ഗ ദിവാന്‍ സൈനുല്‍ ആബിദിന്‍ അറിയിച്ചത്.
ക്ഷേത്രമുണ്ടായിരുന്നുവെന്നതിന് തെളിവുകളൊന്നുമില്ലെന്നും കോടതിയില്‍ നിയമപരമായി മറുപടി പറയുമെന്നും അജ്മീര്‍ ദര്‍ഗ ദിവാന്‍ പറഞ്ഞു.
തങ്ങള്‍ സമാധാനം സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നു, വിവാദമുണ്ടാക്കുന്ന ഒന്നും തങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാവരുതെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണെന്നും പറഞ്ഞ അദ്ദേഹം എല്ലാവര്‍ക്കും നിയമപരമായ അവകാശങ്ങളുണ്ടെന്നും അതിനായി കോടതിയില്‍ പോകുമെന്നും കൂട്ടിച്ചേര്‍ത്തു.
സംഭാല്‍ മസ്ജിദ് സര്‍വേയുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ തടഞ്ഞ സുപ്രീം കോടതി ഉത്തരവിന് നന്ദി രേഖപ്പെടുത്തുന്നതായും ദിവാന്‍ പറയുകയുണ്ടായി.
കൂടാതെ ദര്‍ഗയ്ക്ക് 800 വര്‍ഷത്തെ പഴക്കമുണ്ടെന്നും അക്കാലത്ത് അവിടെ ഒരു മൈതാനമായിരുന്നുവെന്നും അതിനുള്ളിലായിരുന്നു പ്രാചീനമായ ഖബറെന്നും പറഞ്ഞ അദ്ദേഹം പിന്നെങ്ങനെ അതിന്റെ കീഴില്‍ ഒരു ക്ഷേത്രമുണ്ടാകുമെന്നും ചോദിച്ചു.
1991ലെ ആരാധനാ നിയമപ്രകാരം ഇന്ത്യയിലെ എല്ലാ ആരാധനാലയങ്ങളും അതേപടി നിലനിര്‍ത്താന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏതൊരു സ്ഥാപനത്തിനെതിരെയും കേസുണ്ടെങ്കില്‍ നോട്ടീസ് നല്‍കാറുണ്ടെന്നും എന്നാല്‍ തങ്ങള്‍ക്ക് ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അജ്മീര്‍ ദര്‍ഗയില്‍ ശിവക്ഷേത്രമുണ്ടെന്നവകാശപ്പെടുകയും അതിനാല്‍ ആരാധന ആരംഭിക്കാന്‍ നിര്‍ദേശം നല്‍ണമെന്നുമാവശ്യപ്പെട്ടാണ് ഹിന്ദു സംഘടന കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. അജ്മീര്‍ ദര്‍ഗയെ സങ്കട് മോചന്‍ മഹാദേവ ക്ഷേത്രമായി പ്രഖ്യാപിക്കണമെന്നും ദര്‍ഗയ്ക്ക് ഏതെങ്കിലും രജിസ്ട്രേഷന്‍ ഉണ്ടെങ്കില്‍ അത് റദ്ദാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
ഹരജിയുടെ അടിസ്ഥാനത്തില്‍ കോടതി കേസ് അംഗീകരിക്കുകയും ദര്‍ഗാ കമ്മിറ്റിക്കും പുരാവസ്തു വകുപ്പിനും നോട്ടീസ് അയച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ദര്‍ഗയില്‍ പുരാവസ്തു വകുപ്പ് സര്‍വേ നടത്തണമെന്നും ആരാധനയ്ക്ക് അനുമതി നല്‍കണമെന്നുമാണ് ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്ത ഹരജിയില്‍ ആവശ്യപ്പെടുന്നത്. അജ്മീറിലെ ദര്‍ഗയില്‍ ശിവക്ഷേത്രമുണ്ടെന്ന് അവകാശപ്പെട്ട ഹര്‍ദയാല്‍ ശാരദ എഴുതിയ പുസ്തകം ഉദ്ധരിച്ച് ഹരജിക്കാരനായ വിഷ്ണു ഗുപ്തയ്ക്കുവേണ്ടിയാണ് കേസ് ഫയല്‍ ചെയ്തത്. ഈ കേസിലെ അടുത്ത വാദം 2024 ഡിസംബര്‍ 20 ന് നടക്കും.
Content Highlight: Comply with court procedures, ready for legal battle; Dargah Diwan Zainul Abidin on the Ajmer issue