കേരളത്തിലേക്ക് ആറംഗ സംഘത്തെ അയക്കുമെന്ന് കേന്ദ്രം; കൊവിഡ് നിയന്ത്രിക്കാന്‍ സംസ്ഥാനത്തെ സഹായിക്കാനെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
national news
കേരളത്തിലേക്ക് ആറംഗ സംഘത്തെ അയക്കുമെന്ന് കേന്ദ്രം; കൊവിഡ് നിയന്ത്രിക്കാന്‍ സംസ്ഥാനത്തെ സഹായിക്കാനെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th July 2021, 12:42 pm

ന്യൂദല്‍ഹി: കേരളത്തിലേക്ക് ആറംഗ സംഘത്തെ അയച്ച് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വലിയരീതിയില്‍ കൂടുന്നുണ്ടെന്നും എന്‍.സി.ഡി.സി.ആര്‍. ഡയരക്ടറുടെ നേതൃത്വത്തില്‍ കേരളത്തിലേക്ക് ആറംഗ സംഘത്തെ അയക്കുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.

‘കൊവിഡ് കേസുകള്‍ ഇപ്പോഴും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍, കൊവിഡ് മാനേജ്‌മെന്റില്‍ സംസ്ഥാനത്തിന്റെ നിരന്തരമായ ശ്രമങ്ങള്‍ക്ക് ടീം സഹായകമാകും,” മാണ്ഡവ്യ പറഞ്ഞു.

അതേസമയം, രാജ്യത്ത് കേന്ദ്ര സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി പെഗാസസ് വിവാദം പുകയുന്നതിനിടെ കേരളത്തിലെ കൊവിഡ് വ്യാപനം ദേശീയ വിഷയമാക്കാനാണ് ബി.ജെ.പി.ശ്രമിക്കുന്നത്.

കൊവിഡ് വ്യാപനത്തില്‍ രാജ്യത്ത് 50 ശതമാനത്തോളം സ്ഥിരീകരിക്കുന്നത് കേരളത്തിലാണെന്ന് ആരോപിച്ചുകൊണ്ടാണ് പ്രതിഷേധം ശക്തമാക്കാന്‍ ബി.ജെ.പിയുടെ പദ്ധതി.

കേരളത്തില്‍ കൊവിഡ് കേസുകള്‍ കുറയാത്തത് കേരള സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണെന്നായിരുന്നു കഴിഞ്ഞദിവസം ബി.ജെ.പി. ദേശീയ വക്താവ് സംപീത് പത്ര പറഞ്ഞത്. ഈദിന് നല്‍കിയ ഇളവ് കാരണമാണ് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതെന്നും സംപീത് പത്ര കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ബുധനാഴ്ച വരെ 43,654 കേസുകളാണ് രാജ്യത്ത് ആകെ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ പകുതിയിലധികവും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ കണക്കുകള്‍ മുന്‍ നിര്‍ത്തിയാണ് ബി.ജെ.പിയുടെ നീക്കം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Complete Weekend Lockdown In Kerala; Centre Sends Team Amid Rising Cases