റിയോ ഡി ജനീറോ: ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയ്ക്കെതിരായി തെരുവില്‍ ആയിരങ്ങളുടെ പ്രതിഷേധം. രാജ്യത്ത് ലക്ഷകണക്കിന് ആളുകള്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടും കൊവിഡിനെ നിസാരവല്‍ക്കരിക്കുന്ന പരാമര്‍ശം നടത്തിയതിനെതിരെയാണ് ജനങ്ങളുടെ പ്രതിഷേധം.
കൊവിഡ് ഒരു ചെറിയ പനി മാത്രമാണെന്ന തരത്തിലുള്ള ജെയര്‍ ബോള്‍സോനാരോയുടെ നിലപാടാണ് പ്രതിഷേധങ്ങള്‍ക്ക് കാരണം.
പ്രസിഡന്റ് രാജിവെച്ചൊഴിയണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധ റാലിയില്‍ പങ്കെടുത്തത്.
‘ബോള്‍സോനാരോയുടെ വംശഹത്യ’ ‘ബോള്‍സോവൈറസ് തിരികെ പോകു’ എന്നീ ബാനറുകള്‍ ഉപയോഗിച്ചായിരുന്നു പ്രതിഷേധ റാലി. റിയോഡി ജനീറോ, ഡൗണ്‍ ടൗണ്‍, തുടങ്ങി പ്രധാന നഗരങ്ങളില്‍ എല്ലാം പ്രതിഷേധം നടന്നു.
ലോകത്ത് അമേരിക്ക കഴിഞ്ഞാല്‍ ബ്രസീലിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് വൈറസിന്റെ തുടക്കത്തില്‍, തീവ്ര വലതുപക്ഷക്കാരനായ ബോള്‍സോനാരോ കൊവിഡ് 19 ‘ഒരു ചെറിയ പനി’ മാത്രമാണെന്ന് തരത്തില്‍ പറഞ്ഞിരുന്നു. മരണസംഖ്യ ക്രമാതീതമായി വര്‍ദ്ധിച്ചപ്പോഴും മാസ്‌ക്, ക്വറന്റീന്‍ തുടങ്ങിയ നിയന്ത്രണങ്ങളെയും ബോള്‍സോനാരോ എതിര്‍ത്തിരുന്നു.
ഫലപ്രദമല്ലാത്ത മരുന്നുകള്‍ കഴിക്കുക, വാക്‌സിനുകള്‍ നല്‍കാനുള്ള ഓഫറുകള്‍ നിരസിക്കുക എന്നിവ ബോള്‍സോനാരോയ്ക്ക് മേല്‍ ആരോപിക്കപ്പെട്ടിരുന്നു. ഓക്‌സിജന്‍ ക്ഷാമം മുന്‍കൂട്ടി കണ്ട് നടപടികള്‍ സ്വീകരിക്കുന്നതിലും പ്രസിഡന്റ് പരാജയമായിരുന്നെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.
ഈ സര്‍ക്കാരിനെ മതിയായി എന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ബോള്‍സോനാരോയ്ക്കെതിരായ പ്രതിഷേധത്തിന്റെ അലയൊലികള്‍ മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചിരുന്നു.
ആമസോണ്‍ വനനശീകരണം അനുവദിച്ചതിനും തദ്ദേശവാസികളില്‍ നിന്ന് ഭൂമി പിടിച്ചെടുക്കുന്നതിനും ബോള്‍സോനാരോയെ പ്രതിഷേധക്കാര്‍ വിമര്‍ശിച്ചു. അക്രമവും വര്‍ഗ്ഗീയതയും പ്രസിഡന്റ് പ്രോത്സാഹിപ്പിക്കുന്നെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
തലസ്ഥാനമായ ബ്രസീലിയ, വടക്കുകിഴക്കന്‍ സാല്‍വഡോര്‍, തെക്കുകിഴക്ക് ബെലോ ഹൊറിസോണ്ടെ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ ശനിയാഴ്ച റാലികള്‍ നടന്നു.
വടക്കുകിഴക്കന്‍ നഗരമായ റെസിഫില്‍ പൊലീസ് കണ്ണീര്‍ വാതകവും റബ്ബര്‍ ബുള്ളറ്റും പ്രയോഗിച്ച് റാലിയെ നേരിട്ടതായി വാര്‍ത്താ വെബ്സൈറ്റ് ജി 1 റിപ്പോര്‍ട്ട് ചെയ്തു.