ഞങ്ങള്‍ നല്‍കുന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചാല്‍ മതി; നോളജ് സിറ്റിയില്‍ കെട്ടിടം തകര്‍ന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകന്റെ ഫോണ്‍ പിടിച്ചുവാങ്ങിയതായി ആരോപണം
കോഴിക്കോട്: നോളജ് സിറ്റിയില്‍ കെട്ടിടം തകര്‍ന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രാദേശിക മാധ്യമപ്രവര്‍ത്തകന്റെ ഫോണ്‍ പിടിച്ചുവാങ്ങി ദൃശ്യങ്ങള്‍ നശിപ്പിച്ചതായി പരാതി.
ദീപിക ദിനപത്രത്തിന്റെ പ്രാദേശിക ലേഖകന്‍ ജോണ്‍സണ്‍ ഈങ്ങാപ്പുഴയുടെ മൊബൈല്‍ ഫോണാണ് സംഭവ സ്ഥലത്തുണ്ടായിരുന്നു നോളജ് സിറ്റിയുടെ അധികൃതര്‍ ബലം പ്രയോഗിച്ച് പിടിച്ചുവാങ്ങിയത്.
തങ്ങള്‍ നല്‍കുന്ന ദൃശ്യങ്ങളും വാര്‍ത്തകളും പ്രസിദ്ധീകരിച്ചാല്‍ മതിയെന്നും അധികൃതര്‍ പറഞ്ഞതായി താമരശ്ശേരിയിലെ പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ മജീദ് താമരശ്ശേരി ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
അതേസമയം, മര്‍കസ് നോളജ് സിറ്റിയില്‍ ഇന്ന് തകര്‍ന്നുവീണ കെട്ടിടത്തിന് നിര്‍മ്മാണ അനുമതിയുണ്ടായിരുന്നില്ലെന്ന് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് പറഞ്ഞു.
തകര്‍ന്നുവീണ കെട്ടിടത്തിന് പഞ്ചായത്ത് അനുമതി നല്‍കിയിരുന്നില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അനുമതി ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ ലഭിച്ചിരുന്നു. എന്നാല്‍ അനുമതി നല്‍കിയിരുന്നില്ല. അപേക്ഷയില്‍ പരിശോധന നടത്തി വരുന്നതേയുള്ളൂ. സംഭവത്തില്‍ പഞ്ചായത്തിന്റേതായ അന്വേഷണം നടത്തുന്നുണ്ട്. മര്‍കസ് നോളജ് സിറ്റിയിലെ മുഴുവന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്നും കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് പറഞ്ഞു.
അപകടത്തില്‍ നിരവധി തൊഴിലാളികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. എല്ലാവരും അപകട നില തരണം ചെയ്തതായാണ് അവസാനം ലഭിക്കുന്ന വിവരങ്ങള്‍.
ഇന്ന് രാവിലെ 11.15നാണ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള ട്രസ്റ്റിന്റെ താമരശ്ശേരി കൈതപ്പൊയിലില്‍ നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന കെട്ടിടം തകര്‍ന്നുവീണത്.