national news
എന്‍.സി.പി എം.പി സുപ്രിയ സുലെയുടെ ഫോണും വാട്സ്ആപ്പും ഹാക്ക് ചെയ്യപ്പെട്ടതായി പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Aug 11, 09:23 am
Sunday, 11th August 2024, 2:53 pm

മുംബൈ: എന്‍.സി.പി (ശരദ് പവാര്‍ വിഭാഗം) എം.പി സുപ്രിയ സുലെയുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതായി പരാതി. ഫോണും വാട്സ്ആപ്പും ഹാക്ക് ചെയ്യപ്പെട്ടുവെന്നാണ് എന്‍.സി.പി നേതാവ് പറയുന്നത്. സുപ്രിയ സുലെ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

‘എന്റെ ഫോണും വാട്സ്ആപ്പും ഹാക്ക് ചെയ്യപ്പെട്ടു. ദയവായി ആരും എന്നെ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്യരുത്. ഞാന്‍ പൊലീസില്‍ പരാതി കൊടുക്കുകയാണ്. ദയവായി ശ്രദ്ധിക്കുക,’ എന്നാണ് സുപ്രിയ സുലെ എക്സില്‍ കുറിച്ചത്.

സംഭവത്തില്‍ സുപ്രിയ സുലെ ഓണ്‍ലൈനായി പൊലീസില്‍ പരാതി നല്‍കിയെന്ന് എന്‍.സി.പി വൃത്തങ്ങള്‍ പറയുന്നതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

ഭരണകക്ഷിക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കുന്ന പ്രതിപക്ഷ നേതാക്കളിൽ ഒരാളാണ് സുപ്രിയ സുലെ. എൻ.സി.പി അധ്യക്ഷൻ ശരദ് പവാറിന്റെ മകൾ കൂടിയായ സുപ്രിയ സുലെ പതിനാറാം ലോക്സഭയിലെ ബാരാമതിയിൽ നിന്നുള്ള എം.പിയാണ്.

Content Highlight: Complaint that Supriya Sule’s phone and WhatsApp were hacked