Movie Day
'മയക്ക് മരുന്ന് കടത്ത് പ്രോത്സാഹിപ്പിക്കുന്നു'; ലിയോയിലെ ഗാനത്തിനെതിരെ പരാതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jun 26, 07:29 am
Monday, 26th June 2023, 12:59 pm

വിജയ്- ലോകേഷ് കനകരാജ് ചിത്രം ലിയോയിലെ ‘നാ റെഡി’ എന്ന ഗാനത്തിനെതിരെ പരാതി. ഗാനം മയക്കുമരുന്ന് കടത്തിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. കൊരുക്കുപ്പേട്ട സ്വദേശി സെല്‍വമാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നതെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗാന രംഗത്തില്‍ വായില്‍ സിഗരറ്റുമായി നടന്‍ വിജയ് നൃത്തം ചെയ്യുന്ന ഒരു രംഗം ഉണ്ട്. ഇതടക്കം ചൂണ്ടിക്കാണിച്ചാണ് പരാതിയെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു.
മയക്കുമരുന്ന് നിയന്ത്രണ നിയമത്തിലെ വകുപ്പ് പ്രകാരം കേസെടുക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.

വിജയ്‌യുടെ പിറന്നാള്‍ ദിനത്തിലായിരുന്നു ‘നാ റെഡി’ എന്ന ഗാനം പുറത്തുവന്നിരുന്നത്. അനിരുദ്ധാണ് ഗാനത്തിന് സംഗീതം നല്‍കിയത്. ഗാനം ആലപിച്ചിരിക്കുന്നത് വിജയ് ആണെന്നതാണ് ഇതിന്റെ പ്രത്യേകത.

സോണി മ്യൂസിക് സൗത്തിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന ഗാനം മൂന്ന് ദിവസത്തിനുള്ളില്‍ 28 മില്യണ്‍ ആളുകള്‍ ഇതുവരെ കണ്ടുകഴിഞ്ഞു.

ദളപതി വിജയ്‌യെ കൂടാതെ സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, അര്‍ജുന്‍, മന്‍സൂര്‍ അലി ഖാന്‍ എന്നിവര്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും ലോകേഷ് കനകരാജാണ് നിര്‍വഹിക്കുന്നത്. ഒക്ടോബര്‍ 19ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്ക് ലിയോ എത്തും.

Content Highlight: Complaint against song ‘Na Ready’ in Vijay-Lokesh Kanakraj film Leo