മമ്മൂട്ടിയുടെ സരസനായ മുഹമ്മദ് ബഷീറും, ഭാര്‍ഗവി നിലയത്തിന്റെ പുതിയ സുല്‍ത്താനും
Entertainment news
മമ്മൂട്ടിയുടെ സരസനായ മുഹമ്മദ് ബഷീറും, ഭാര്‍ഗവി നിലയത്തിന്റെ പുതിയ സുല്‍ത്താനും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 21st April 2023, 5:10 pm

മലയാളിയെ ഏറ്റവും ആഴത്തില്‍ തൊട്ടറിഞ്ഞ എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍. അദ്ദേഹത്തിന്റെ എഴുത്തുകളെ അത്രയേറെ മലയാളി ഹൃദയത്തോട് ചേര്‍ത്തുവെക്കുന്നുണ്ട്. മതിലുകളടക്കമുള്ള അദ്ദേഹത്തിന്റെ ക്ലാസിക്കുകള്‍ എല്ലാം തന്നെ സിനിമയായി തിരശീലയിലെത്തിയിരുന്നു.

അടൂര്‍ ഗോപാലകൃഷ്ണന്റെ സംവിധാനത്തില്‍ 1990ലാണ് മമ്മൂട്ടിയെ നായകനാക്കി മതിലുകള്‍ എന്ന സിനിമ ഇറങ്ങുന്നത്. അന്നുമുതല്‍ ഇന്നുവരെ മലയാളിയുടെ തിരശീലയിലെ സുല്‍ത്താന്റെ മുഖം അത് മമ്മൂട്ടിയുടെ തന്നെയായിരുന്നു. അത്രയേറെ സ്വാഭാവികതയോടെയാണ് അയാള്‍ ബഷീറായി തിളങ്ങിയത്.

നടപ്പിലും ഇരിപ്പിലും നില്‍പ്പിലും എന്തിനേറെ പ്രണയിക്കുമ്പോള്‍ പോലും അയാള്‍ ബഷീറായി മാറുന്ന കാഴ്ചക്കാണ് സിനിമയിലെ മതിലുകള്‍ സാക്ഷ്യം വഹിച്ചത്. ബഷീറിന്റെ ലളിതമായ സംസാര ശൈലിയും നുറുങ്ങ് വര്‍ത്തമാനങ്ങളുമൊക്കെ രസകരമായി അവതരിപ്പിക്കാന്‍ മമ്മൂട്ടിക്ക് കഴിഞ്ഞിരുന്നു.

ബഷീറിന്റെ പ്രശസ്തമായ മറ്റൊരു ചെറുകഥയാണ് നീലവെളിച്ചം. അതിനെ ആസ്പദമാക്കി അദ്ദേഹം തന്നെ തിരക്കഥ എഴുതിയ സിനിമയായിരുന്നു ഭാര്‍ഗവിനിലയം. മലയാളത്തിലെ ക്ലാസിക്കുകളുടെ ഗണത്തിലേക്ക് കണക്കുകൂട്ടാവുന്ന ചിത്രം വീണ്ടും അഷിഖ് അബു നീലവെളിച്ചം എന്ന പേരില്‍ റീമേക്ക് ചെയ്ത് തിയേറ്ററുകളില്‍ എത്തിച്ചിരിക്കുകയാണ്.

ചിത്രത്തില്‍ സാഹിത്യകാരനായെത്തുന്നത് ടൊവിനോയാണ്. ബഷീറാണെന്ന് സിനിമ പറയുന്നില്ലെങ്കിലും പ്രേക്ഷകര്‍ക്ക് കൃത്യമായി അത് തിരിച്ചറിയാന്‍ സാധിക്കും. എന്നാല്‍ മമ്മൂട്ടിയുടെ ബഷീറില്‍ നിന്നും വളരെ വ്യത്യസ്തനാണ് ടൊവിനോയുടേത്. കുറച്ച് ഗൗരവക്കാരനായ തമാശകള്‍ പോലും ഗൗരവത്തില്‍ പറയുന്ന ഒരു രീതിയാണ് ടൊവിനോയുടേത്.

തനിക്ക് ലഭിച്ച കഥാപാത്രത്തെ സിനിമക്ക് ആവശ്യമായ രീതിയില്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ മലയാളി കണ്ട ബഷീറിന്റെ രീതികളില്‍ നിന്ന് തികച്ചും വ്യത്യസ്തനാണ് ടൊവി. ഇതാണോ ബഷീര്‍ എന്ന തോന്നല്‍ ചില പ്രേക്ഷകര്‍ക്ക് എങ്കിലും ഉണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇങ്ങനെയും ആകാമല്ലോ എന്ന പുതിയ വായനയാണ് ടൊവിനോയുടെ സുല്‍ത്താന്‍.

content highlight: comparison of mammootty and tovino basheer in movie