ഒളിക്യാമറാ വിവാദത്തില്‍ രാഘവന്റെ മൊഴിയെടുത്തു; നടപടി തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം
കോഴിക്കോട്: ഒളിക്യാമറാ വിവാദത്തില്‍ കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്റെയും അദ്ദേഹത്തിന്റെ സെക്രട്ടറിയുടെയും മൊഴിയെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം ജില്ലാ കളക്ടറാണു മൊഴിയെടുത്തത്.
നടക്കാവ് പോലീസ് രാഘവന്റെ മൊഴി നേരത്തേ രേഖപ്പെടുത്തിയിരുന്നു. കളക്ടറേറ്റില്‍ നടന്ന മൊഴിയെടുക്കല്‍ മൂന്നു മണിക്കൂറോളം നീണ്ടുവെന്നാണു വിവരം. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കമ്മീഷനു കൈമാറും.
ഹിന്ദി ചാനലായ ടിവി 9 ആണ് രാഘവനെതിരായ ഒളിക്യാമറാ ദൃശ്യങ്ങള്‍ വോട്ടെടുപ്പിന് ദിവസങ്ങള്‍ മുന്‍പു പുറത്തുവിട്ടത്. സിംഗപ്പൂര്‍ കമ്പനിക്കു കോഴിക്കോട്ട് ഹോട്ടല്‍ തുടങ്ങുന്നതിനു സ്ഥലം ഏറ്റെടുത്തു നല്‍കണമെന്നാവശ്യപ്പെട്ട് എത്തിയവരോട് അഞ്ചുകോടി രൂപ ആവശ്യപ്പെട്ടതായാണു പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.
തെരഞ്ഞെടുപ്പ് ഫണ്ടിലേക്കു തുക നല്‍കണമെന്നും ഡല്‍ഹിയിലെ ഓഫീസ് സെക്രട്ടറിയെ പണമായി ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെടുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. എന്നാല്‍ രാഘവന്‍ ആരോപണം നിഷേധിച്ചിരുന്നു. വീഡിയോ വ്യാജമായി നിര്‍മിച്ചതാണെന്ന് ആരോപിച്ച് രാഘവന്‍ പരാതി നല്‍കിയിട്ടുണ്ട്.