ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം ടി-20യില്‍ ഇന്ത്യന്‍ ഓപ്പണിങ് ബാറ്ററും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ്‍ പൂജ്യത്തിന് പുറത്തായിരുന്നു. നേരിട്ട മൂന്നാം പന്തിലാണ് താരം സംപൂജ്യനായി മടങ്ങിയത്.
പരമ്പരയിലെ ആദ്യ ഇന്നിങ്‌സില്‍ താരം സെഞ്ച്വറി നേടിയിരുന്നു. സഞ്ജുവിന്റെ കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയതും 61 റണ്‍സിന്റെ മികച്ച വിജയം സ്വന്തമാക്കിയതും. ഇതിന് പുറമെ തുടര്‍ച്ചയായ ടി-20കളില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും നാലമാത് താരമെന്ന നേട്ടവും താരം സ്വന്തമാക്കിയിരുന്നു.
എന്നാല്‍ ചരിത്രം കുറിച്ച ഇന്നിങ്‌സിന് തൊട്ടുപിന്നാലെ താരം പൂജ്യത്തിന് പുറത്തായത് ആരാധകര്‍ക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു.
എന്നാല്‍ ക്രിക്കറ്റ് ലോകത്തിന്റെ മറ്റൊരു കോണില്‍ ഇതേ അവസ്ഥ അനുഭവിച്ച മറ്റൊരു ആരാധകര്‍ കൂടിയുണ്ടായിരുന്നു. ഇംഗ്ലണ്ടിന്റെ ബാര്‍മി ആര്‍മി. ഇംഗ്ലണ്ടിന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ഫില്‍ സോള്‍ട്ടാണ് ഇത്തരത്തില്‍ ആരാധകരെ നിരാശനാക്കിയത്.
പരമ്പരയിലെ ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയാണ് ഫില്‍ സോള്‍ട്ട് തിളങ്ങിയത്. 54 പന്ത് നേരിട്ട് ആറ് സിക്‌സറും ഒമ്പത് ഫോറും ഉള്‍പ്പെടെ പുറത്താകാതെ 109 റണ്‍സാണ് താരം നേടിയത്. 190.74 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്.
സോള്‍ട്ടിന്റെ വെടിക്കെട്ടില്‍ എട്ട് വിക്കറ്റും 19 പന്തും കയ്യിലിരിക്കെ വിജയം സ്വന്തമാക്കുകയായിരുന്നു. കളിയിലെ താരമായി തെരഞ്ഞെടുത്തും സോള്‍ട്ടിനെ തന്നെയായിരുന്നു.
അന്താരാഷ്ട്ര ടി-20 കരിയറിലെ മൂന്നാം സെഞ്ച്വറിയാണ് താരം കുറിച്ചത്. ഈ മൂന്ന് സെഞ്ച്വറിയും പിറന്നതാകട്ടെ വിന്‍ഡീസിനെതിരെയും! ഇതോടെ അന്താരാഷ്ട്ര ടി-20യില്‍ ഒരു ടീമിനെതിരെ മൂന്ന് സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന നേട്ടവും സോള്‍ട്ട് സ്വന്തമാക്കി.
ചരിത്രം കുറിച്ച മത്സരത്തിന് ശേഷം ആരാധകരുടെ പ്രതീക്ഷ മുഴുവന്‍ തെറ്റിച്ച ഫില്‍ സോള്‍ട്ട് രണ്ടാം ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്താവുകയായിരുന്നു. നേരിട്ട ആദ്യ പന്തില്‍ തന്നെ അകീല്‍ ഹൊസൈന് വിക്കറ്റ് നല്‍കിയാണ് താരം മടങ്ങിയത്.
നവംബര്‍ 13നാണ് ഇന്ത്യ തങ്ങളുടെ മൂന്നാം മത്സരത്തിനിറങ്ങുന്നത്. സൂപ്പര്‍സ്‌പോര്‍ട്ട് പാര്‍ക്കാണ് വേദി.
അതേസമയം, നവംബര്‍ 15നാണ് ഇംഗ്ലണ്ട് മൂന്നാം മത്സരത്തില്‍ ആതിഥേയരായ വിന്‍ഡീസിനെ നേരിടാനൊരുങ്ങുന്നത്. ഡാരന്‍ സമ്മി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം അരങ്ങേറുന്നത്.
Content Highlight: Coincidence between Sanju Samson and Phil Salt’s innings