മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരിലൊരാളാണ് കൊച്ചിന്‍ ഹനീഫ. നടന്റെ പതിനൊന്നാം ഓര്‍മ്മദിനത്തില്‍ കൊച്ചിന്‍ ഹനീഫ അനശ്വരമാക്കിയ കഥാപാത്രങ്ങളെ ഓര്‍ത്തെടുക്കുകയാണ് ആരാധകര്‍. നടന്‍ എന്നതിനൊപ്പം മികച്ച സംവിധായകനും തിരക്കഥാകൃത്തും കൂടിയായിരുന്നു ഹനീഫ.
ഇതിനിടയില്‍ കൊച്ചിന്‍ ഹനീഫയുടെ യഥാര്‍ത്ഥ പേര് എന്തായിരുന്നു എന്ന ചര്‍ച്ചകളും ഉയര്‍ന്നുവരുന്നുണ്ട്. വിക്കിപീഡിയയിലും പല മാധ്യമങ്ങളിലായി വന്ന ഫീച്ചറുകളിലും, നടന്റെ യഥാര്‍ത്ഥ പേരായി രേഖപ്പെടുത്തിയത് സലീം അഹമ്മദ് ഘോഷ് എന്നായിരുന്നു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൊച്ചിന്‍ ഹനീഫയെ കുറിച്ച് നേരത്തെ ഡൂള്‍ന്യൂസ് ചെയ്ത വീഡിയോയിലും സലീം അഹമ്മദ് ഘോഷ് എന്ന പേര് ഉപയോഗിച്ചിരുന്നു.
എന്നാല്‍ കൊച്ചിന്‍ ഹനീഫക്ക് അങ്ങനെയൊരു പേരുണ്ടായിരുന്നില്ലെന്നും തെറ്റായ വിവരങ്ങളാണ് അദ്ദേഹത്തെ കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നതെന്നും സഹോദരന്‍ മുഹമ്മദ് നൗഷാദ് ഡൂള്‍ന്യൂസിനോട് വെളിപ്പെടുത്തി.
‘കൊച്ചിന്‍ ഹനീഫക്ക് സലീം അഹമ്മദ് ഘോഷ് എന്നൊരു പേരില്ല. സ്‌കൂളിലും കോളേജിലും അദ്ദേഹത്തിന്റെ പേര് മുഹമ്മദ് ഹനീഫ എന്നു മാത്രമായിരുന്നു. സിനിമയില്‍ വന്ന ശേഷമാണ് കൊച്ചിന്‍ ഹനീഫ എന്ന പേരുണ്ടായത്. നടന്‍ തിക്കുറിശ്ശിയാണ് ആ പേര് നല്‍കിയത്. അദ്ദേഹത്തിന് ഘോഷ് എന്ന ബംഗാളി പേരൊന്നുമില്ല. അത് ഒരുപക്ഷേ ഏതെങ്കിലും ക്യാരക്ടറിന്റെ പേരായിരിക്കാം.’ നൗഷാദ് പറഞ്ഞു.