കൊച്ചി: ഇതരസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം നാട്ടിലേക്കെത്തിക്കാനാകാതെ എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദ് ജില്ലയില്‍ നിന്നും തൊഴില്‍ അന്വേഷിച്ച് കേരളത്തിലെത്തിയ മഹാബുള്‍ മണ്ഡലിന്റെ മൃതദേഹമാണ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്.
കാലടിയിലും പരിസരപ്രദേശങ്ങളിലുമായി കൂലി വേല ചെയ്തുവരികയായിരുന്ന മഹാബുള്‍ മണ്ഡലിനെ ഇന്നലെ രാത്രിയാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
നാട്ടിലേക്കെത്തിക്കാനുള്ള സംവിധാനമുണ്ടാക്കാന്‍ വേണ്ടി കളക്ടറോടും ലേബര്‍ ഒഫീസറോടും ആവശ്യപ്പെട്ടെങ്കിലും ഇതുവരെ അതിനുവേണ്ട ഇടപെടലൊന്നും നടത്തിയിട്ടില്ലെന്ന് പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ ജസ്റ്റിസിന്റെ കോഡിനേറ്റര്‍ ജോര്‍ജ്ജ് മാത്യു പറഞ്ഞു.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ജോര്‍ജ്ജ് മാത്യു കത്തയച്ചിട്ടുണ്ട്. മഹാബുള്‍ മണ്ഡലിന്റെ മൃതദേഹം നാട്ടിലെത്തിച്ച് മതപരമായ ആചാരപ്രകാരം സംസ്‌ക്കരിക്കുന്നതിന് വേണ്ട സംവിധാനമുണ്ടാക്കണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് കത്ത് അയച്ചിരിക്കുന്നത്.
മഹാബുളിന്റെ പെട്ടെന്നുണ്ടായ മരണം പശ്ചിമബംഗാളിലെ ഗ്രാമത്തിലുള്ള കുടുംബാംഗങ്ങളെ യും ഗ്രാമവാസികളെയും വളരെയധികം ദു:ഖത്തിലാഴ്ത്തിയിരിക്കുന്നു. ഭാര്യയും രണ്ട് മക്കളും വൃദ്ധയായ മാതാവും മഹാബുള്‍ മണ്ഡലിന്റെ മൃതദേഹം നാട്ടിലെത്തുന്നതും പ്രതീക്ഷിച്ച് ഗ്രാമത്തില്‍ കഴിയുന്നുണ്ട്. മഹാബുള്‍ മണ്ഡലിനോടൊപ്പം ബന്ധുവായ രാഹുല്‍ ഷെയ്ക്ക് മാത്രമാണ് കേരളത്തില്‍ ഉള്ളത്. മൃതദേഹം ഗവണ്‍മെന്റ് ചെലവില്‍ നാട്ടിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബാംഗങ്ങളെന്നും കത്തില്‍ പറയുന്നു.