ഖത്തര്‍ ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ ബ്രസീലിന് വിജയത്തുടക്കം. സെര്‍ബിയക്കെതിരെ ഏകപക്ഷീയമായ രണ്ട് ഗോളിനായിരുന്നു ബ്രസീലിയന്‍ വിജയം. വിജയത്തിന്റെ ആഹ്ലാദത്തിലും മത്സരത്തില്‍ സൂപ്പര്‍ താരം നെയ്മറിന് പരുക്ക് പറ്റിയത് ബ്രസീല്‍ ആരാധകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
സെര്‍ബിയന്‍ താരത്തില്‍ നിന്നേറ്റ ചവിട്ടാണ് നെയ്മര്‍ക്ക് പരിക്കേല്‍പ്പിച്ചത്. കണങ്കാലിനേറ്റ പരുക്കിനെ തുടര്‍ന്ന് കളി അവസാനിക്കുന്നതിന് മുന്നേ സെര്‍ബിയക്കെതിരെയുള്ള മത്സരത്തില്‍ നിന്ന് നെയ്മറിന് കളം വിടേണ്ടിവന്നിരുന്നു.
മത്സരം അവസാനിക്കാന്‍ 11 മിനിട്ട് മാത്രം ബാക്കിയുള്ളപ്പോഴാണ് ചവിട്ടേറ്റത്. ശേഷം പരിക്കേറ്റ് കാല്‍വീങ്ങിയിരിക്കുന്ന നെയ്മറുടെ ചിത്രം പുറത്തുവന്നിരുന്നു. ഈ മത്സരത്തില്‍ ഒമ്പത് തവണയാണ് നെയ്മര്‍ ഫൗള്‍ ചെയ്യപ്പെട്ടത്.
’24-48 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. കളിയിലുടനീളം നെയ്മറിന് വേദന അനുഭവപ്പെട്ടിരുന്നു, എന്നാല്‍ പരിക്കിന് ശേഷവും ടീമിനൊപ്പം ഗ്രൗണ്ടില്‍ തുടരാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു,’ എന്നാണ് ബ്രസീലിയന്‍ ടീം ഡോക്ടര്‍ പരിക്കിനെക്കുറിച്ച് പറഞ്ഞത്.
Neymar’s sprained ankle following Brazil’s 2-0 win against Serbia in their World Cup opener 😳
അതേസമയം, ആദ്യ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്രസീല്‍ സെര്‍ബിയയെ തകര്‍ത്തത്. റിച്ചാര്‍ലിസനാണ് ബ്രസീലിനായി രണ്ട് ഗോളുകളും നേടിയത്.
ആദ്യ പകുതിയില്‍ ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ച മത്സരത്തില്‍, രണ്ടാം പകുതിയിലാണ് ഇരു ഗോളുകളും നേടിയത്. 62ാം മിനിട്ടിലും 73ാം മിനിട്ടിലുമാണ് ഗോളുകള്‍ പിറന്നത്.