ക്രിക്കറ്റിലെ വിപ്ലവമായ ഡക്‌വര്‍ത്-ലൂയീസ് നിയമത്തിന്റെ (പിന്നീട് ഡക്‌വര്‍ത്-ലൂയീസ്-സ്റ്റേണ്‍ നിയമം എന്നറിയപ്പെട്ടു) ഉപജ്ഞാതാക്കളിലൊരാളായ ഫ്രാങ്ക് ഡക്‌വര്‍ത് അന്തരിച്ചു. 84 വയസായിരുന്നു.
മഴയെ തുടര്‍ന്നോ മോശം കാലാവസ്ഥയെ തുടര്‍ന്നോ ക്രിക്കറ്റില്‍ സ്‌കോര്‍ പുനര്‍നിശ്ചയിക്കേണ്ടി വന്നാലോ ഓവറുകള്‍ വെട്ടിച്ചുരുക്കേണ്ട സാഹചര്യങ്ങളിലോ ഉപയോഗിക്കുന്ന പുതിയ രീതി വികസിപ്പിച്ചതോടെയാണ് ഇംഗ്ലീഷ് സ്റ്റാറ്റിസ്റ്റിഷ്യന്‍മാരായ ഫ്രാങ്ക് ഡക്‌വര്‍ത്തും ടോണി ലൂയീസും ക്രിക്കറ്റ് ലോകത്തെ പ്രധാന പേരുകാരായി മാറിയത്.
1992ല്‍ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മില്‍ സിഡ്നിയില്‍ നടന്ന ഏകദിന ലോകകപ്പ് സെമി ഫൈനല്‍ മത്സംര മഴമൂലം തടസ്സപ്പെട്ടതോടെ നിലവിലെ മഴനിയം ഉപയോഗിച്ച് ടാര്‍ഗെറ്റുകള്‍ പുനര്‍നിര്‍ണയിച്ചു. എന്നാല്‍ ടാര്‍ഗെറ്റുകള്‍ കണക്കാക്കാന്‍ മുമ്പ് ഉപയോഗിച്ചിരുന്ന മഴനിയമം സൗത്ത് ആഫ്രിക്കയുടെ വിജയത്തെ തന്നെ ബാധിച്ചിരുന്നു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 45 ഓവറില്‍ 245 റണ്‍സാണ് സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക വിജയത്തിലേക്ക് അടുക്കുകയായിരുന്നു. 13 പന്തില്‍ നിന്നും 22 റണ്‍സായിരുന്നു സൗത്ത് ആഫ്രിക്കക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്.
എന്നാല്‍ ഈ സാഹചര്യത്തില്‍ മഴയെത്തുകയായിരുന്നു. കേവലം 12 മിനിട്ട് മാത്രം നീണ്ടുനിന്ന മഴയില്‍ ഒലിച്ചുപോയത് സൗത്ത് ആഫ്രിക്കയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ കൂടിയായിരുന്നു. മഴക്ക് ശേഷം സൗത്ത് ആഫ്രിക്കയുടെ വിജയലക്ഷ്യം പുനര്‍നിര്‍ണയിച്ചപ്പോള്‍ അവര്‍ക്ക് വേണ്ടിയിരുന്നത് അപ്രാപ്യമായ ഒരു പന്തില്‍ 22 റണ്‍സ് എന്ന ലക്ഷ്യമായിരുന്നു
ഇതിന് പിന്നാലെയാണ് പുതിയ നിയമം വേണമെന്ന ആവശ്യം ഉയര്‍ന്നുവരുന്നതും ഇരുവരും ചേര്‍ന്ന് പുതിയ നിയമം ആവിഷ്‌കരിച്ചതും.
2001ല്‍ ഐ.സി.സി ഈ നിയമം ഔദ്യോഗികമായി സ്വീകരിച്ചു.
2014ല്‍ ഓസ്‌ട്രേലിയന്‍ സ്റ്റാസ്റ്റിഷ്യന്‍ ടോണി ലൂയീസിന്റെ പരിഷ്‌കരണങ്ങള്‍ക്കും കൂട്ടിച്ചേര്‍ക്കലുകള്‍ക്കൊപ്പം ഈ നിയമം ഡക്‌വര്‍ത്-ലൂയീസ്-സ്റ്റേണ്‍/ ഡി.എല്‍.എസ് നിയമം എന്നറിയപ്പെട്ടു.
Content Highlight: Co inventor of DLS law Frank Duckworth passed away