നാടോടിക്കാറ്റില്‍ കോഴിക്കോട് മഹാറാണിയുടെ പുല്‍ത്തകിടിയില്‍ നിന്നെടുത്ത ആ ഷോട്ടിന്റെ അടുത്ത സീന്‍ ഷൂട്ട് ചെയ്യുന്നത് ചെന്നൈയില്‍ വെച്ചാണ്: ഷിബുബാലന്‍
Entertainment news
നാടോടിക്കാറ്റില്‍ കോഴിക്കോട് മഹാറാണിയുടെ പുല്‍ത്തകിടിയില്‍ നിന്നെടുത്ത ആ ഷോട്ടിന്റെ അടുത്ത സീന്‍ ഷൂട്ട് ചെയ്യുന്നത് ചെന്നൈയില്‍ വെച്ചാണ്: ഷിബുബാലന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 25th June 2023, 5:01 pm

നാടോടിക്കാറ്റ് സിനിമയില്‍ ഒരു ഷൂട്ടിങ് ലൊക്കേഷനിലെത്തി ശ്രീനിവാസന്‍ അവസരം ചോദിക്കുന്നതും അവിടെ പ്രശ്‌നങ്ങളുണ്ടാക്കുന്നതുമായ സീന്‍ ഷൂട്ട് ചെയ്തത് കോഴിക്കോട് മഹാറണി ഹോട്ടലിന്റെ ലോണില്‍(പുല്‍ത്തകിടി) വെച്ചാണെന്ന് ഷിബുബാലന്‍. നാടോടിക്കാറ്റ് സിനിമയുടെ സഹസംവിധായകനായിരുന്നു ഷിബു ബാലന്‍. സഫാരി ടി.വി.യുടെ ലൊക്കേഷന്‍ ഹണ്ട് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആ സീനിന്റെ തുടര്‍ച്ചയായിട്ടുള്ള ശ്രീനിവാസന്‍ തോക്കുമായി ഓടുന്ന സീന്‍ എടുത്തത് ചെന്നൈ അടയാറില്‍ വെച്ചാണെന്നും അദ്ദേഹം പറയുന്നു.

‘നാടോടിക്കാറ്റില്‍ ശ്രീനിവാസന്‍ വന്ന് കോളിങ് ബെല്ലടിച്ച് ശശിയേട്ടനുണ്ടോ എന്ന് സീമയോട് ചോദിക്കുന്നത് ശരിക്കും ഐ.വി.ശശിയുടെ വീട്ടിലാണ്. തൊട്ടടുത്ത് തന്നെ അവരുടെ തന്നെ ഔട്‌ഡോര്‍ യൂണിറ്റായ അനുധാരയുടെ കെട്ടിടവുണ്ടുണ്ട്.

ചെന്നൈയിലെ മഹാലിംഗപുരം എന്ന സ്ഥലത്തായിരുന്നു അത്. അവിടെ മലയാളികള്‍ നിര്‍മിച്ചിട്ടുള്ള ഒരു അയ്യപ്പ ക്ഷേത്രമൊക്കെയുണ്ട്. നസീര്‍ സാറിന്റെ വീടൊക്കെ അതിനടുത്തായിരുന്നു. മലയാളികളായ സിനിമാക്കാര്‍ താമസിക്കുന്ന ഇടമായിരുന്ന അത്.

നാടോടിക്കാറ്റ് സിനിമയില്‍ ശ്രീനിവസന്റെ കഥാപാത്രം ഒരു സിനിമ ലൊക്കേഷനിലെത്തി ചാന്‍സ് ചോദിക്കുന്നതും, പ്രശ്‌നങ്ങളുണ്ടാക്കുന്നതുമായിട്ടുള്ള ഒരു സീനുണ്ട്. സോമനും ഐ.വി. ശശിയുമൊക്കെയുള്ള ഒരു സീന്‍. അത് ഷൂട്ട് ചെയ്തത് കോഴിക്കോട് മഹാറാണി ഹോട്ടലിന്റെ ലോണില്‍ വെച്ചാണ്. ഐ.വി. ശശി അന്ന് കോഴിക്കോടാണുള്ളത്. അദ്ദേഹം കാസിനോയുടെ ഭാഗമായുള്ള പ്രൊഡ്യൂസര്‍മാരിലൊരാളുമാണ്. സോമനെ അങ്ങോട്ട് വിളിക്കുകയാണ് ചെയ്തത്. അത് ക്രിയേറ്റ് ചെയ്ത ഒരു ഷൂട്ടിങ് ലൊക്കേഷനായിരുന്നു.

മഹാറാണിയില്‍ ചെറിയ ഗാര്‍ഡനൊക്കെയുള്ള ഒരു ലോണുണ്ട്. അവിടെ വെച്ചാണ് ആ സീനുകളൊക്കെയെടുത്തത്. ആ സീനില്‍ പ്രൊഡക്ഷന്‍ കോണ്‍ട്രോളറായിരുന്ന സച്ചി ശ്രീനിവാസന്റെ കഥാപാത്രത്തെ പിടിച്ച് വലിക്കുകയും അവിടെ മറിഞ്ഞു വീഴുകയുമൊക്കെ ചെയ്യുന്ന സീനെടുത്തു. അതിന് ശേഷം അദ്ദേഹം തോക്ക് കൈയിലെടുടുത്ത് ഓടുന്ന ഒരു സീനുണ്ട്. അതെടുത്തത് ചെന്നൈ അടയാറില്‍ വെച്ചാണ്. തോക്കുമായി മതില്‍ ചാടിയെത്തുന്ന ആ സീനിലുള്ള ചെന്നൈയാണ്, ‘ ഷിബുബാലന്‍ പറഞ്ഞു.

content highlights; Co-director Shibu Balan shared the location details of Nadotikat movie