national news
വോട്ടിങ് മെഷീന്‍ തകരാറിലായി; വോട്ടുചെയ്യാതെ മടങ്ങി മിസോറാം മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Nov 07, 07:34 am
Tuesday, 7th November 2023, 1:04 pm

ഐസ്‌വാള്‍: ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ തകരാറിലായതിനാല്‍ വോട്ട് ചെയ്യാതെ മടങ്ങി മിസോറാം മുഖ്യമന്ത്രി സോറാംതംഗ. ഐസ്‌വാള്‍ നോര്‍ത്ത്-II മണ്ഡലത്തിന് കീഴിലുള്ള 19-ഐസ്‌വാള്‍ വെംഗ്ലായ്-I വൈ.എം.എ ഹാള്‍ പോളിങ് സ്റ്റേഷനിലായിരുന്നു അദ്ദേഹം വോട്ട് രേഖപ്പെടുത്താന്‍ എത്തിയിരുന്നത്.

തന്റെ നിയോജക മണ്ഡലം സന്ദര്‍ശിക്കുമെന്നും ഒരു യോഗത്തിന് ശേഷം വീണ്ടും വോട്ട് രേഖപ്പെടുത്താന്‍ പോളിംഗ് സ്റ്റേഷനില്‍ തിരിച്ചെത്തുമെന്നും മിസോ നാഷണല്‍ ഫ്രണ്ടിന്റെ അധ്യക്ഷന്‍ കൂടിയായ സോറംതംഗ പറഞ്ഞു.

‘വോട്ടിങ് മെഷീന്‍ പ്രവര്‍ത്തിക്കുന്നില്ല. ഞാന്‍ കുറച്ച് സമയമായി കാത്തിരിക്കുകയായിരുന്നു. എന്റെ നിയോജക മണ്ഡലം സന്ദര്‍ശിച്ചതിന് ശേഷം ഞാന്‍ വീണ്ടും വോട്ട് ചെയ്യാനെത്തും,’ സോറംതംഗ പറഞ്ഞു.

‘സര്‍ക്കാര്‍ രൂപീകരിക്കാന്‍ 21 സീറ്റുകള്‍ വേണം. ഞങ്ങള്‍ക്ക് 21ഓ അതിലധികമോ സീറ്റുകള്‍ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു,’ സോറാംതംഗ പറഞ്ഞു.

മിസോറാമില്‍ 40 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടക്കുന്നത്. മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ടും കോണ്‍ഗ്രസും സോറം പീപ്പിള്‍സ് മൂവ്‌മെന്റും തമ്മിലാണ് മത്സരം. മിസോ നാഷണല്‍ ഫ്രണ്ടും കോണ്‍ഗ്രസും സോറം പീപ്പിള്‍സ് മൂവ്‌മെന്റും 40 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. ബി.ജെ.പി 23 സീറ്റുകളില്‍ മത്സരിക്കുമ്പോള്‍ ആം ആദ്മി പാര്‍ട്ടി നാല് സീറ്റുകളിലാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുള്ളത്.

Content Highlights: CM Zoramthanga says couldn’t cast vote as EVM malfunctions