യോഗി ആദിത്യനാഥ് ശക്തനാണ്; ഞാന്‍ കൊല്ലപ്പെട്ടേക്കാം; വെളിപ്പെടുത്തലുമായി യുവതി
national news
യോഗി ആദിത്യനാഥ് ശക്തനാണ്; ഞാന്‍ കൊല്ലപ്പെട്ടേക്കാം; വെളിപ്പെടുത്തലുമായി യുവതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th October 2018, 1:34 pm

ലഖ്‌നൗ: കൊലപാതക കേസില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കോടതി നോട്ടീസ് അയച്ചതിന് പിന്നാലെ തനിക്കും കുടുംബത്തിന് വധഭീഷണിയുണ്ടെന്ന് വ്യക്തമാക്കി പരാതിക്കാരിയും കോണ്‍ഗ്രസ് നേതാവുമായ തലാട്ട് അസീസ് രംഗത്ത്.

തനിക്കും ഭര്‍ത്താവിനും എതിരെ ചിലര്‍ കള്ളക്കേസുകള്‍ ചുമത്താന്‍ ചിലര്‍ തയ്യാറെടുക്കുന്നെന്നും കേസ് പുനരന്വേഷിക്കാനുള്ള ഉത്തരവ് വന്നതോടെ തങ്ങള്‍ക്കും കുടുംബത്തിനും നേരെ ഭീഷണി കോളുകള്‍ വരികയാണെന്നും അസിസ് പറയുന്നു.

പത്തൊന്‍പത് വര്‍ഷം മുമ്പ് നടന്ന കൊലപാതക കേസില്‍ കോടതിയില്‍ ഹാജരാകണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കഴിഞ്ഞയാഴ്ചയാണ് കോടതി നോട്ടീസ് നല്‍കിയത്.

1999ല്‍ സമാജ്‌വാദി പാര്‍ട്ടിയുടെ പ്രതിഷേധ പ്രകടനത്തിനിടെ നടന്ന വെടിവെയ്പ്പില്‍ സത്യപ്രകാശ് എന്നയാള്‍ കൊല്ലപ്പെട്ട സംഭവത്തിലായിരുന്നു മുഖ്യമന്ത്രിക്ക് നോട്ടീസ് ലഭിച്ചിരിക്കുന്നത്.

“”ഞാന്‍ യുദ്ധം ചെയ്യുന്നത് ശക്തനായ യോഗി ആദിത്യ നാഥിനെതിരെയാണ്. അദ്ദേഹം എം.പിയായിരിക്കുന്ന സമയത്തായിരുന്നു ആദ്യ കേസ്. ഇപ്പോള്‍ അദ്ദേഹം മുഖ്യമന്ത്രി പദവിയിലിരിക്കുന്നു. അദ്ദേഹത്തിന്റെ പിടിപാടും ഭരണസ്വാധീനവും എല്ലാം വര്‍ധിച്ചു. അദ്ദേഹമാണ് ഇപ്പോള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അദ്ദേഹമാണ് സര്‍ക്കാര്‍. സുരക്ഷിതമില്ലായ്മയാണ് എനിക്ക് ഇപ്പോള്‍ തോന്നുന്നത്- തലാട്ട് അസീസ് പറയുന്നു.


രാമനെ കുറിച്ച് പറയുകയും നാഥൂറാമിനെ മനസില്‍ പ്രതിഷ്ഠിക്കുകയും ചെയ്യുന്നവരാണ് അവര്‍; മോഹന്‍ ഭഗവതിന്റെ രാമക്ഷേത്ര പരാമര്‍ശത്തെ പരിഹസിച്ച് കോണ്‍ഗ്രസ്


സത്യപ്രകാശിന് നീതി ലഭിക്കാന്‍ വേണ്ടിയാണ് എന്റെ ശ്രമം. എന്റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അദ്ദേഹത്തിന് ജീവന്‍ നഷ്ടമായത്. അന്നത്തെ സംഭവം ഇപ്പോഴും എന്റെ മനസിലുണ്ട്. – അവര്‍ പറയുന്നു.

എന്നാല്‍ യോഗി ആദിത്യനാഥിനെ രാഷ്ട്രീയമായി തകര്‍ക്കാനുള്ള നീക്കം മാത്രമാണ് ഇതെന്നാണ് ബി.ജെ.പിയുടെ വാദം. രാഷ്ട്രീയപ്രേരിതമായി ഉണ്ടാക്കിയെടുത്ത കേസാണ് ഇത്. യോഗിയുടെ ജനപ്രീതി കുറക്കാനുള്ള നീക്കമാണ് ഇതിന് പിന്നില്‍- ബി.ജെ.പി വക്താവ് ഡോ. ചന്ദ്രമോഹന്‍ പറഞ്ഞു.

എന്നാല്‍ യോഗി ആദിത്യനാഥിനെതിരെ കേസിന് തയ്യാറായ ആസീസിനെ തങ്ങള്‍ അഭിനന്ദിക്കുന്നെന്നും കഴിഞ്ഞ 19 വര്‍ഷമായി അവര്‍ നീതിക്ക് വേണ്ടി പോരാടുകയാണെന്നും യു.പി കോണ്‍ഗ്രസ് കമ്മിറ്റി തലവന്‍ രാജ് ബബ്ബാര്‍ പറഞ്ഞു.

കേസ് പുനപരിശോധനയ്ക്കായി എടുത്തതിന് ശേഷം അവരുടെ ജീവന് ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. യോഗി ആദിത്യനാഥിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ ഏത് വിധേനയും ഇല്ലാതാക്കാന്‍ ബി.ജെ.പിക്ക് അറിയാം. അതുകൊണ്ട് തന്നെ താലട്ട് അസീസിന്റെ ജീവന് സംരക്ഷണം ഏര്‍പ്പെടുത്തേണ്ടതുണ്ട്- രാജ് ബെബ്ബാര്‍ പറഞ്ഞു.

എസ്.പി നേതാവായ താലട്ട് അസീസിന്റെ സ്വകാര്യ സുരക്ഷ ചുമതല വഹിച്ചിരുന്നയാളായിരുന്നു സത്യപ്രകാശ്. മഹാരാജ്ഗഞ്ചില്‍ നടന്ന പ്രതിഷേധത്തിനിടെ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംഘം വെടിവെയ്പ്പ് നടത്തുകയായിരുന്നുവെന്നാണ് സംഭവത്തില്‍ പൊലീസിന്റെ കണ്ടെത്തല്‍.

കേസില്‍ വീണ്ടും വിചാരണ ആവശ്യപ്പെട്ട് കഴിഞ്ഞ മാര്‍ച്ചില്‍ അസീസ് സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍, ഇത് തള്ളിയതോടെ അദ്ദേഹം ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് കേസ് വീണ്ടും തുറക്കാന്‍ സെഷന്‍സ് കോടതിയോട് ഹൈക്കോടതി നിര്‍ദേശിച്ചു.

ഇപ്പോള്‍ മഹാരാജ്ഗഞ്ച് സെഷന്‍സ് കോടതിയാണ് ആദിത്യനാഥിനോടും കേസില്‍ ഉള്‍പ്പെട്ട മറ്റുള്ളവരോടും വിചാരണയ്ക്ക് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി ഒരാഴ്ചയ്ക്കുള്ളില്‍ നോട്ടീസിന് മറുപടി നല്‍കണം. അടുത്ത വര്‍ഷം ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേസില്‍ ഏറ്റ തിരിച്ചടി ബി.ജെ.പിക്ക് രാഷ്ട്രീയപരമായി തലവേദനയായിരിക്കുകയാണ്.

കോണ്‍ഗ്രസും എസ്.പിയും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്ത് എത്തിക്കഴിഞ്ഞു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ യോഗി ആദിത്യനാഥ് ശ്രമം നടത്തുമെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. ഗുരുതരമായ കേസാണ് മുഖ്യമന്ത്രിയുടെ പേരിലുള്ളതെന്നും തല്‍സ്ഥാനത്ത് തുടരാന്‍ യോഗി ആദിത്യനാഥിന് അര്‍ഹതയില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.