തിരുവനന്തപുരം: കൊല്ലം മണ്‍റോ തുരുത്തില്‍ സി.പി.ഐ.എം പ്രവര്‍ത്തകന്‍ മണിലാലിനെ കൊലപ്പെടുത്തിയത് ആര്‍.എസ്.എസ് ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ 110 ദിവസത്തിനുള്ളില്‍ കേരളത്തില്‍ അഞ്ച് സി.പി.ഐ.എം പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനിടയില്‍ മുഴുകിയിരിക്കെയാണ് സി.പി.ഐ.എം പ്രവര്‍ത്തകന്‍ മണിലാലിനെ ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തിയത്,’ മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യു.ഡി.എഫും ആര്‍.എസ്.എസും സഖ്യം സ്ഥാപിച്ചിട്ടുണ്ടെന്നും ആ സഖ്യത്തിന്റെ തീരുമാനമായാണോ സി.പി.ഐ.എം പ്രവര്‍ത്തകരെ തുടര്‍ച്ചയായി കൊലപ്പെടുത്തുന്നതെന്ന് ഇരുകക്ഷികളും വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുറ്റവാളികളെ ഉടന്‍ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ട് വന്ന് തക്കതായ ശിക്ഷ ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മണിലാലിന്റെ കൊലപാതകം വ്യക്തി വിരോധമല്ലെന്നും രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണെന്നും ഭാര്യ രേണുക പറഞ്ഞിരുന്നു. ബി.ജെ.പി എന്തുകൊണ്ടാണ് ഇത് വ്യക്തിവിരോധമാക്കാന്‍ ശ്രമിക്കുന്നതെന്ന് അറിയില്ലെന്നും അവര്‍ പറഞ്ഞിരുന്നു.
ഞായറാഴ്ച രാത്രി എട്ടരയ്ക്കാണ് മണിലാലിനെ കൊലപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് ബൂത്ത് ഓഫീസിന് സമീപത്ത് വെച്ചാണ് മണിലാലിനെ കുത്തിക്കൊലപ്പെടുത്തിയത്.
സംഭവത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരായ പട്ടം തുരുത്ത് തൂപ്പാശ്ശേരിയില്‍ അശോകന്‍, വില്ലിമംഗലം വെസ്റ്റ് പനിക്കന്തര സത്യന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ദല്‍ഹി പൊലീസില്‍ നിന്ന് വിരമിച്ചയാളാണ് അശോകന്‍. ഇയാളാണ് മണിലാലിനെ കുത്തിക്കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഇതൊരു രാഷ്ട്രീയകൊലപാതകമല്ലെന്നും മദ്യപിച്ച് വഴക്കുണ്ടായതിനെത്തുടര്‍ന്നുണ്ടായ കൊലപാതകമാണെന്നുമാണ് ബി.ജെ.പിയുടെ വിശദീകരണം. ഒളിവില്‍ പോയ അശോകനെ രാത്രി വൈകിയാണ് പൊലീസ് പിടികൂടിയത്.
സംഭവം നടന്ന കനറാ ബാങ്ക് കവലയില്‍ നാട്ടുകാര്‍ കൂടിനിന്ന് രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തുകയായിരുന്നെന്നും മദ്യപിച്ചെത്തിയ അശോകന്‍ അസഭ്യവര്‍ഷം നടത്തിയപ്പോള്‍ മണിലാല്‍ കയര്‍ത്തുവെന്നും പൊലീസ് പറയുന്നു. അവിടെ നിന്നും നടന്നുപോയ മണിലാലിനെ പിന്നില്‍ നിന്നെത്തി അശോകന്‍ കുത്തുകയായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
അശോകന്‍ അടുത്തിടെയാണ് ദല്‍ഹി പൊലീസില്‍ നിന്ന് വിരമിച്ച് നാട്ടിലെത്തിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക