തിരുവനന്തപുരം: കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെ വിവാദ സിലബസില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ സര്‍വകാലാശലയുടെ വി.സിയും ഉന്നതവിദ്യഭ്യാസ മന്ത്രിയും കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ടെന്നും സ്വതന്ത്ര്യസമരത്തിനോട് മുഖം തിരിച്ചുനിന്ന ആശയങ്ങളെയും അതിന് നേതൃത്വം കൊടുത്ത നേതാക്കളെയും മഹത്വവല്‍ക്കരിക്കുന്ന സമീപനം നമുക്കില്ല എന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതിന് ആരും തയ്യാറാവരുതെന്നും അദ്ദേഹം പറഞ്ഞു. ഏത് പ്രതിലോമ ആശയവും വിമര്‍ശനാത്മകമായി പരിശോധിക്കുകയും വിലയിരുത്തുകയും വേണം. പക്ഷേ അത്തരം ആശയങ്ങളെയും ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച നേതാക്കളെയും മഹത്വവല്‍ക്കരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
യൂണിവേഴ്‌സിറ്റി അതുമായി ബന്ധപ്പെട്ട് ഫലപ്രദമായ നടപടി സ്വീകരിച്ചിട്ടുണ്ട്. രണ്ട് പേരുള്ള വിദഗ്ധ സമിതിയെ നിശ്ചയിച്ചിട്ടുണ്ട്. കേരള യൂണിവേഴ്‌സിറ്റി പ്രോ വി.സിയും പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസറുമായിരുന്ന ഡോ. ജെ. പ്രഭാഷ്, കോഴിക്കോട് യൂണിവേഴ്‌സിറ്റി പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസറായിരുന്ന ഡോ. കെ.എസ്. പവിത്രന്‍ എന്നിവരാണ് സമിതിയിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇവരുടെ പരിശോധനയ്ക്ക് ശേഷമുള്ള ശുപാര്‍ശയിലായിരിക്കും തീരുമാനമെന്ന് വി.സി വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ ഇക്കാര്യത്തിലുള്ള നിലപാട് എന്താണെന്ന പ്രത്യേകിച്ച് സംശയമോ ആശങ്കയോ ഉണ്ടാവില്ലെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ സര്‍വകലാശാലയിലെ എം.എ ഗവേണന്‍സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സ് കോഴ്‌സിന്റെ സിലബസില്‍ ഹിന്ദുമഹാസഭാ നേതാവായിരുന്ന വി.ഡി. സവര്‍ക്കറിന്റേയും ആര്‍.എസ്.എസ് സൈദ്ധാന്തികനായിരുന്ന ഗോള്‍വാള്‍ക്കറിന്റേയും ദീന്‍ദയാല്‍ ഉപാധ്യായയുടേയും ബല്‍രാജ് മധോക്കിന്റേയും പുസ്തകങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയതിനെതിരെയാണ് കഴിഞ്ഞ ദിവസം മുതല്‍ വ്യാപക പ്രതിഷേധമുയര്‍ന്നത്.
എന്നാല്‍ സവര്‍ക്കറിന്റെയോ ഗോള്‍വാള്‍ക്കറിന്റെയോ പുസ്തകങ്ങള്‍ ഉള്ളതുകൊണ്ട് മാത്രം കാവിവത്കരണം എന്ന ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്ന് വി.സി ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞിരുന്നു.
‘ജെ.എന്‍.യു, ഇഗ്നൊ സര്‍വകലാശാലകളില്‍ സവര്‍ക്കറുടെ പുസ്തകം പഠിപ്പിക്കുന്നുണ്ട്. ഗോള്‍വാള്‍ക്കറിനേയോ സവര്‍ക്കറിനേയോ വെച്ചാല്‍ കാവിവത്കരണം ആകില്ല. പക്ഷെ സവര്‍ക്കറിന്റെയോ ഗോള്‍വാള്‍ക്കറിന്റെയോ പുസ്തകം വെക്കുമ്പോള്‍ അത് മനസിലാക്കാന്‍ വേറെ ആളുകളുടേയും പുസ്തകം വെക്കണം,’ അദ്ദേഹം പറഞ്ഞു.
വിവാദമായ സിലബസില്‍ ഹിന്ദുത്വവാദികളുടെ അഞ്ച് പുസ്തകം വേണ്ടിയിരുന്നില്ല, രണ്ടെണ്ണം മതിയായിരുന്നുവെന്നും ഇടത് നേതാക്കളുടെ പുസ്തകമില്ലാത്തത് പോരായ്മയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ആര്‍.എസ്.എസ് സൈദ്ധാന്തികരുടെ പുസ്തകം സിലബസില്‍ ഉള്‍പ്പെടുത്തിയ സംഭവത്തില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ നിലപാട് തള്ളി എസ്.എഫ്.ഐ സംസ്ഥാന കമ്മറ്റി രംഗത്തെത്തി.
ആര്‍.എസ്.എസ് പുസ്തകങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും എം.എല്‍.എയുമായ സച്ചിന്‍ ദേവ് മാധ്യമങ്ങളോട് പറഞ്ഞു. സിലബസ് പിന്‍വലിക്കാന്‍ ആവശ്യമായ നടപടിയെടുക്കുമെന്നും കാര്യങ്ങള്‍ കൃത്യമായി വിലയിരുത്തിയ ശേഷമാണ് സംസ്ഥാന കമ്മറ്റി ഈ തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
സിലബസിന് എതിരായ നിലപാട് ആണ് എസ്.എഫ്.ഐക്കുള്ളത്. മറ്റ് ഏതെങ്കിലും തരത്തിലുള്ള പ്രസ്താവനകളെ എസ്.എഫ്.ഐ അംഗീകരിക്കുന്നില്ലെന്നും സച്ചിന്‍ ദേവ് പറഞ്ഞു.
നേരത്തെ എസ്.എഫ്.ഐ ജില്ലാ ഭാരവാഹിയായ സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍മാന്‍ സിലബസിനെ അനുകൂലിച്ച് പരസ്യമായി രംഗത്തെത്തിയിരുന്നു. സിലബസ് പിന്‍വലിക്കേണ്ട ഒരു ആവശ്യവും ഇല്ലെന്നാണ് യൂണിവേഴ്‌സിറ്റി യൂണിയന്‍ പറഞ്ഞത്.
സവര്‍ക്കറേയും ഗോള്‍വാള്‍ക്കറെയും കുറിച്ച് പഠിച്ച ശേഷം അതിനെ വിമര്‍ശനാത്മകമായി കൈകാര്യം ചെയ്യണമെന്നാണ് യൂണിയന്റെ നിലപാടെന്നായിരുന്നു എസ്.എഫ്.ഐ യൂണിയന്‍ അറിയിച്ചത്.
പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥികളുടെ പി.ജി മൂന്നാം സെമസ്റ്ററിലാണ് ഹിന്ദുത്വ നേതാക്കളുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംഭവത്തില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെയാണ് സിലബസ് തയ്യാറാക്കിയതെന്ന ആരോപണം ഉയരുന്നുണ്ട്.
‘രാഷ്ട്ര ഓര്‍ നേഷന്‍ ഇന്‍ ഇന്ത്യന്‍ പൊളിറ്റിക്കല്‍ തോട്ട്’ എന്ന വിഭാഗത്തിലാണ് ടാഗോറിന്റേയും മഹാത്മാ ഗാന്ധിയുടേയും നെഹ്റുവിന്റേയും അംബേദ്കറിന്റേയും പുസ്തകത്തോടൊപ്പം ആര്‍.എസ്.എസ് നേതാക്കളുടേയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഗോള്‍വാള്‍ക്കറുടെ വിചാരധാര അടക്കമുള്ളവയാണ് സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ പ്രധാന ശത്രുക്കള്‍ മുസ്ലിങ്ങളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകാരുമാണെന്ന് പ്രതിപാദിക്കുന്ന പുസ്തകമാണ് വിചാരധാര.