Film News
അവസാന കടമ്പയും കഴിഞ്ഞു; ഇനിങ്ങോട്ട് തിയേറ്ററുകളില്‍ മഹാവീര്യറിന്റെ 'ടൈം ട്രാവല്‍'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jul 14, 01:39 pm
Thursday, 14th July 2022, 7:09 pm

നിവിന്‍ പോളി, ആസിഫ് അലി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മലയാളത്തിലെ ആദ്യ ടൈം ട്രാവല്‍ ചിത്രം മഹാവീര്യറിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്. ജൂലൈ 21ന് തിയേറ്ററുകളിലെത്താനിരിക്കെയാണ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചിരിക്കുന്നത്.

ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് ലഭിച്ച വാര്‍ത്ത നിവിന്‍ പോളിയടക്കമുള്ളവര്‍ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ടൈം ട്രാവല്‍ ഫാന്റസി ജോണറിലൊരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ട്രെയ്‌ലറുമെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. വ്യത്യസ്തമായ ഗെറ്റപ്പിലാണ് നിവിന്‍ പോളിയും ആസിഫ് അലിയും ചിത്രത്തിലെത്തുന്നത്.

നിവിന്‍ പോളി, ആസിഫ് അലി എന്നിവര്‍ക്ക് പുറമെ ലാല്‍, ലാലു അലക്‌സ്, സിദ്ധിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജന്‍ രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി. അമ്പു എന്നിവര്‍ ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നു.

പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്റെ കഥയ്ക്ക് എബ്രിഡ് ഷൈന്‍ അവതരിപ്പിക്കുന്ന ചലചിത്ര ഭാഷ്യമാണ് മഹാവീര്യര്‍. മലയാളത്തില്‍ ഇന്നുവരെ വന്നിട്ടില്ലാത്ത തരത്തിലുള്ള ഒരു ചിത്രമായിരിക്കും മഹാവീര്യര്‍ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളെല്ലാം തന്നെ സൂചിപ്പിക്കുന്നത്.

ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ഈ ചിത്രം, നര്‍മ – വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കും പ്രാധാന്യം നല്‍കിയിരിക്കുന്നു.

സംസ്ഥാന അവാര്‍ഡ് ജേതാവായ ചന്ദ്രു സെല്‍വരാജ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാന്‍ ചാബ്രയാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.

 

May be an image of 1 person, beard and text

May be an image of 1 person, beard and text

 

ചിത്രസംയോജനം – മനോജ്, ശബ്ദമിശ്രണം – വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, കലാസംവിധാനം – അനീസ് നാടോടി, വസ്ത്രാലങ്കാരം – ചന്ദ്രകാന്ത്, മെല്‍വി. ജെ, ചമയം – ലിബിന്‍ മോഹനന്‍, മുഖ്യ സഹസംവിധാനം – ബേബി പണിക്കര്‍ തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.

 

Content highlight: Clean U Certificate for Mahaveeryar Movie