ന്യൂദല്‍ഹി: പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ആര്‍.എസ്.എസ് സംഘടന.
ശിക്ഷാ സംസ്‌കൃത ഉത്തരന്‍ നിയാസിന്റെ (എസ്.എസ്.യു.എന്‍) സംഘടനാ സെക്രട്ടറി അതുല്‍ കോത്താരി പ്രധാനമന്ത്രി മോദിക്കും വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്കിനും ഇക്കാര്യം ഉന്നയിച്ചു കത്തയച്ചു.
രാജ്യത്ത് കൊവിഡ് വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സി.ബി.എസ്.ഇ, ഐ.സി.എസ്.സി.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ആവശ്യം ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ആര്‍.എസ്.എസ് സംഘടന രംഗത്തുവന്നത്.
അതേസമയം, സി.ബി.എസ്.ഇ, ഐ.സി.എസ്.സി.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ നടത്തുന്നത് സംബന്ധിച്ച് രണ്ടുദിവസത്തിനകം തീരുമാനമെടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് വ്യാഴാഴ്ചക്കകം തീരുമാനം അറിയിക്കണമെന്ന് നിര്‍ദേശിച്ച് ഹരജി പരിഗണിക്കുന്നത് മെയ് മൂന്നിലേക്ക് സുപ്രീംകോടതി മാറ്റി.
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ 12ാം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കുന്നതിനിടെ, അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അറിയിച്ചത്. തീരുമാനം എടുക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനാണ് എന്ന് ചൂണ്ടിക്കാട്ടിയ കോടതി, കഴിഞ്ഞവര്‍ഷത്തെ നയത്തില്‍ നിന്ന് പുറത്തുകടക്കുകയാണെങ്കില്‍ അതിന് വ്യക്തമായ കാരണം ബോധ്യപ്പെടുത്തണമെന്നും ഓര്‍മ്മിപ്പിച്ചു. അവധിക്കാല ബെഞ്ചിലെ ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവരാണ് അഭിഭാഷക മമത ശര്‍മ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചത്.
കഴിഞ്ഞവര്‍ഷം ജൂണ്‍ 26ന് അവശേഷിക്കുന്ന പരീക്ഷകള്‍ റദ്ദാക്കുന്നതിന് സി.ബി.എസ്.ഇയും സി.ഐ.എസ്.സി.ഇയും സമര്‍പ്പിച്ച ഫോര്‍മുല സുപ്രീംകോടതി അംഗീകരിച്ചിരുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ്
ജൂലൈ ഒന്നുമുതല്‍ ജൂലൈ 15 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന അവേശഷിക്കുന്ന പരീക്ഷകള്‍ റദ്ദാക്കാന്‍ സി.ബി.എസ്.ഇയും സി.ഐ.എസ്.സി.ഇയും ഫോര്‍മുല മുന്നോട്ടുവെച്ചത്. വിദ്യാര്‍ത്ഥികളുടെ പ്രകടനം വിലയിരുത്താന്‍ സഹായിക്കുന്ന ഫോര്‍മുലയാണ് തയ്യാറാക്കിയത്.