മുംബൈ: മുഗള്‍ ഭരണാധികാരി ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് നാഗ്പൂരിലെ വിവിധയിടങ്ങളില്‍ സംഘര്‍ഷം. ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസുകാരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്.
ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശിവാജി മഹാരാജിന്റെ പ്രതിമയ്ക്ക് സമീപം വിശ്വ ഹിന്ദു പരിഷത്ത് അംഗങ്ങള്‍ പ്രകടനം നടത്തിയതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. പ്രതിഷേധക്കാര്‍ ഔറംഗസേബിന്റെ കോലം കത്തിച്ചു. ഇതിന് പിന്നാലെ മറ്റൊരു വിഭാഗവും സംഭവസ്ഥലത്ത് എത്തുകയായിരുന്നു.
ആര്‍.എസ്.എസിന്റെ ആസ്ഥാനത്തിന് സമീപമാണ് അക്രമം നടന്നത്. അക്രമികള്‍ നിരവധി വാഹനങ്ങള്‍ക്ക് തീയിടുകയും മറ്റ് വസ്തുവകകള്‍ നശിപ്പിക്കുകയും ചെയ്തതോടെ സംഘര്‍ഷം വര്‍ധിച്ചതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. ചിറ്റ്നിസ് പാര്‍ക്ക്, മഹല്‍, മധ്യ നാഗ്പൂരിലെ മറ്റ് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തി ചാര്‍ജും കണ്ണീര്‍ വാതകവും പ്രയോഗിച്ചു.
തീവെപ്പിലും കല്ലെറിയലിലുമായി ഒരു ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ കുറഞ്ഞത് 25 പൊലീസുകാര്‍ക്കും അഗ്നിശമന സേനാംഗങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ട്. കൂടുതല്‍ അക്രമസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രദേശത്ത് ആക്ട് 144 ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് നാഗ്പൂര്‍ പൊലീസ് കമ്മീഷണര്‍ രവീന്ദര്‍ സിംഗാള്‍ പറഞ്ഞു. ആക്രമണത്തില്‍ ഇതുവരെ 30 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ശവകുടീരം പൊളിച്ച് മാറ്റണമെന്ന ഭീഷണിയുമായി വിശ്വഹിന്ദു പരിഷത്തും ബജ്രംഗ്ദളും മുമ്പും രംഗത്തെത്തിയിരുന്നു. ശവകുടീരം പൊളിച്ചുമാറ്റിയില്ലെങ്കില്‍ മറ്റൊരു ബാബറി മസ്ജിദ് ആവര്‍ത്തിക്കുമെന്നും അവര്‍ ഭീഷണി ഉയര്‍ത്തുകയുണ്ടായി.
ഖുല്‍ദാബാദിലെ ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലെ 11.30 ന് സംസ്ഥാനവ്യാപകമായി പ്രതിഷേധം നടത്തുമെന്ന് സംഘടനകള്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ശവകുടീരത്തിന് ചുറ്റും പൊലീസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.
മഹാരാഷ്ട്ര സര്‍ക്കാര്‍ ഉടന്‍ തന്നെ ശവകുടീരം നീക്കം ചെയ്യാനുള്ള നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രതിഷേധങ്ങള്‍ ആരംഭിക്കുമെന്നും ആവശ്യമെങ്കില്‍ റോഡുകള്‍ ഉപരോധിക്കുമെന്നും കര്‍സേവയിലൂടെ ശവകുടീരം പൊളിച്ചുമാറ്റുമെന്നും തീവ്ര ഹിന്ദുത്വ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.
ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച് ബി.ജെ.പി മന്ത്രി നിനേഷ് റാണെ മുന്‍ എം.പി നവനീത് റാണ എന്നിവര്‍ രംഗത്തെത്തിയിരുന്നു. ഈ ആവശ്യത്തെ പിന്തുണച്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, നിയമപരമായ വഴികളിലൂടെ പൊളിക്കല്‍ നടപടികള്‍ നടപ്പാക്കുന്നതിനേക്കുറിച്ച് ആലോചിക്കുമെന്ന് പറഞ്ഞിരുന്നു. ഛത്രപതി സംഭാജി നഗറിലെ കുല്‍ദാബാദില്‍ സ്ഥിതി ചെയ്യുന്ന സ്മാരകം നിലവില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (എ.എസ്.ഐ) സംരക്ഷണത്തിലാണ്.
Content Highlight: Clashes in Nagpur over demand to demolish Aurangzeb’s tomb; several people including policemen injured