'എ ഗ്രൂപ്പിനെ അവഗണിച്ചു'; മലപ്പുറം കോൺഗ്രസിൽ പൊട്ടിത്തെറി, ആര്യാടൻ ഷൗക്കത്ത് രാജി വെച്ചു
Kerala News
'എ ഗ്രൂപ്പിനെ അവഗണിച്ചു'; മലപ്പുറം കോൺഗ്രസിൽ പൊട്ടിത്തെറി, ആര്യാടൻ ഷൗക്കത്ത് രാജി വെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st October 2023, 8:29 pm

മലപ്പുറം: മണ്ഡലം പ്രസിഡന്റുമാരുടെ നിയമനത്തിൽ എ ഗ്രൂപ്പിനെ അവഗണിച്ചുവെന്ന ആരോപണത്തെ ചൊല്ലി മലപ്പുറം കോൺഗ്രസിൽ പൊട്ടിത്തെറി. പുനസംഘടനാ പരാതിയിൽ പരിഹാരമുണ്ടാകാത്തതിൽ പ്രതിഷേധിച്ച് പുനസംഘടനാ ഉപസമിതിയിൽ നിന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് രാജി വെച്ചു.

തർക്കങ്ങൾ പരിഹരിക്കുന്നതിനായിരുന്നു നേരത്തെ പുനസംഘടനാ ഉപസമിതി രൂപീകരിച്ചിരുന്നത്.

ഡി.സി.സി പ്രസിഡന്റ്‌ വി.എസ്. ജോയിക്കെതിരെ എ ഗ്രൂപ്പ് പ്രവർത്തകർ പ്രതിഷേധം നടത്തുകയും കെ.സി. വേണുഗോപാലിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
മലപ്പുറത്ത് ആര്യാടൻ മുഹമ്മദ്‌ ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിക്ക് ശേഷമായിരുന്നു പ്രതിഷേധം ഉടലെടുത്തത്.

ഡി.സി.സി പ്രസിഡന്റ്‌ വി.എസ്. ജോയിയും മുൻ മന്ത്രി എ.പി. അനിൽകുമാറും ചേർന്ന് എ ഗ്രൂപ്പിനെ പൂർണമായി അവഗണിച്ചുവെന്നാണ് ആരോപണം. എ ഗ്രൂപ്പ് നൽകിയ പേരുകൾ ഒന്നും പരിഗണിച്ചില്ലെന്നും സുധാകരൻ പക്ഷത്തോടൊപ്പം ചേർന്ന് എ ഗ്രൂപ്പിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും ഇവർ ആരോപിച്ചു.

എ ഗ്രൂപ്പിലെ മുഴുവൻ അംഗങ്ങളും ഭാരവാഹിത്വം ഒഴിയുമെന്ന് നേരത്തെ ഭീഷണി മുഴക്കിയിരുന്നു.

ജില്ലയിലെ 110 മണ്ഡലങ്ങളിലെയും പ്രസിഡന്റുമാരെ ഒക്ടോബർ എഴിന് കെ.പി.സി.സി പ്രഖ്യാപിച്ചിരുന്നു. പുനസംഘടനാ കമ്മിറ്റി 103 മണ്ഡലം പ്രസിഡന്റുമാരുടെ പട്ടിക തയ്യാറാക്കി കെ.പി.സി.സിക്ക് നൽകിയിരുന്നു. തർക്കമുള്ള ഏഴ് മണ്ഡലങ്ങളിൽ പ്രസിഡന്റുമാരെ പിന്നീട് തീരുമാനിക്കാനായിരുന്നു നേരത്തെ ധാരണയായിരുന്നത്. എന്നാൽ 22 മണ്ഡലങ്ങളിൽ ധാരണക്ക് വിരുദ്ധമായി പ്രസിഡന്റുമാരെ തീരുമാനിച്ചുവെന്നാണ് എ ഗ്രൂപ്പിന്റെ ആരോപണം.

Content highlight: Clashes in malappuram Congress saying A group is neglected; Aryadan Shoukkath resigned