രാഹുലിന്റെ അയോഗ്യത; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം; കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ പൊലീസുമായി ഏറ്റുമുട്ടി പ്രവര്‍ത്തകര്‍
Kerala News
രാഹുലിന്റെ അയോഗ്യത; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം; കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ പൊലീസുമായി ഏറ്റുമുട്ടി പ്രവര്‍ത്തകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th March 2023, 11:17 pm

തിരുവനന്തപുരം: വയനാട് എം.പി രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിലുള്ള പ്രതിഷേധത്തില്‍ കോഴിക്കോട് സംഘര്‍ഷം. കോഴിക്കോട് റെയില്‍വേ സ്റ്റേഷന് മുന്‍ വശത്ത് ടയറുകള്‍ കത്തിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിയെത്തിയത് സംഘര്‍ഷത്തില്‍ കലാശിച്ചു.

റെയില്‍വേ പൊലീസിന്റെ പ്രതിരോധം ഭേദിച്ച് പ്ലാറ്റ്‌ഫോമിനകത്ത് കടന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതേത്തുടര്‍ന്ന് റെയില്‍വേ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

………..

വീഡിയോ…

ഇതുകൂടാതെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലും പ്രതിഷേധമുണ്ടായി. തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ രാജ്ഭവന് മുന്നില്‍ പ്രതിഷേധിച്ചു.

വയനാട് കല്‍പ്പറ്റയില്‍ ഡി.സി.സി. ഓഫീസില്‍നിന്ന് പ്രതിഷേധ പ്രകടനവുമായി എത്തിയ പ്രവര്‍ത്തകര്‍ ബി.എസ്.എന്‍.എല്‍ ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച് പ്രതിഷേധിച്ചു. ടി. സിദ്ദീഖ് എം.എല്‍.എ ഉള്‍പ്പെടെയുള്ള നേതാക്കളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.

പാലക്കാട് വടക്കഞ്ചേരിയില്‍ ദേശീയപാത തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. 20 മിനിറ്റോളം പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. വടക്കഞ്ചേരി പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. എറണാകുളം ആലുവയില്‍ പ്രാധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം കത്തിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം.

കേരളത്തിന് പുറമേ രാജ്യത്തിന്റെ പലഭാഗങ്ങളിലും പ്രതിഷേധമുണ്ടായി. മധ്യപ്രദേശില്‍ ഭോപ്പാലിലെ റാണി കമലാപതി റെയില്‍വേ സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ തടഞ്ഞു. ദക്ഷിണ എക്സ്പ്രസ് ട്രെയിനാണ് പ്രവര്‍ത്തകര്‍ തടഞ്ഞത്. വിവിധ നിയമസഭകളിലും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു.