national news
കാവി ഷാള്‍ ധരിച്ചെത്തിയ വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ കയറ്റിയില്ല, സംഘര്‍ഷം; ബംഗാളില്‍ പൊതു പരീക്ഷ റദ്ദാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Nov 23, 12:50 pm
Wednesday, 23rd November 2022, 6:20 pm

കൊല്‍ക്കത്ത: കാവി ഷാള്‍ ധരിച്ച് സ്‌കൂളില്‍ എത്തിയതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഹയര്‍ സെക്കന്‍ഡറി പൊതു പരീക്ഷ റദ്ദാക്കി. പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലെ ദുലഗോരിയിലെ ആദര്‍ശ വിദ്യാലയത്തിലാണ് സംഭവം നടന്നത്.

സ്‌കൂളിലെ മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിച്ച് വരുന്നതിനെതിരെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ കാവി ഷാള്‍ ധരിച്ചെത്തിയതാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത്.

പന്ത്രണ്ടാം ക്ലാസ് പൊതു പരീക്ഷക്ക് തൊട്ടുമുമ്പായിരുന്നു സംഭവം. കാവി ഷാള്‍ ധരിച്ച് സ്‌കൂള്‍ ഗേറ്റിന് മുന്നിലെത്തിയ ഒരു സംഘം ആണ്‍കുട്ടികളെ സ്‌കൂളിലേക്ക് കയറ്റിവിടാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായില്ല.

എന്നാല്‍, മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ഹിജാബ് ധരിക്കാമെങ്കില്‍ തങ്ങളെ എന്തുകൊണ്ട് കാവി ഷാള്‍ ധരിച്ച് സ്‌കൂളില്‍ പ്രവേശിപ്പിക്കുന്നില്ലെന്ന വാദം ഇവര്‍ ഉന്നയിച്ചു.

കാവി ഷാള്‍ ധരിച്ചെത്തിയ ചില വിദ്യാര്‍ത്ഥികള്‍ ഹിന്ദു ആരാധനാമൂര്‍ത്തിയായ ശിവന്റെ ഗ്രാഫിക്‌സ് ചിത്രം പതിപ്പിച്ച ടിഷര്‍ട്ടുകള്‍ ധരിച്ചും സ്‌കൂള്‍ ഗേറ്റിന് മുന്നില്‍ പ്രതിഷേധിച്ചു.

തുടര്‍ന്ന് അധ്യാപകര്‍ പ്രതിഷേധവുമായെത്തിയ വിദ്യാര്‍ത്ഥികളെ പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും പ്രതിഷേധവുമായെത്തിയ വിദ്യര്‍ത്ഥികള്‍ക്കൊപ്പം മറ്റു വിദ്യാര്‍ത്ഥികളും ചേര്‍ന്നതോടെ സംഭവം വഷളായി. ഇത് ഹിജാബ് ധാരികളായ വിദ്യാര്‍ത്ഥികളും കാവി ഷാള്‍ ധരിച്ചെത്തിയ പെണ്‍കുട്ടികളും തമ്മിലുള്ള സംഘര്‍ഷത്തിലാണ് കലാശിച്ചത്.

സംഘര്‍ഷം നിയന്ത്രണവിധേയമായതിനെത്തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയും, പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കുകയുമായിരുന്നു.

സംഭവത്തെത്തുടര്‍ന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിദ്യാര്‍ത്ഥികള്‍ യൂണിഫോം മാത്രം ധരിച്ച് സ്‌കൂളില്‍ എത്തിയാല്‍ മതിയെന്ന തീരുമാനം അധികൃതര്‍ കൈക്കൊണ്ടു.

അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി ഭരണ കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടിയായ ബി.ജെ.പിയും രംഗത്തെത്തി.

‘ഒരു സിഖ് മതത്തില്‍പ്പെട്ട ആള്‍ ഹെല്‍മെറ്റിന് പകരം ടര്‍ബന്‍ ധരിക്കുമ്പോള്‍ ഇവിടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നില്ല. ഭരണഘടനാപരമായി ഒരു മുസ്‌ലിം പെണ്‍കുട്ടിക്ക് ഇന്ത്യയില്‍ ഹിജാബ് ധരിക്കാനുള്ള അവകാശമുണ്ട്.

എന്നാല്‍ ഹിജാബ് ധരിക്കുന്നതും കാവി ഷാള്‍ ധരിക്കുന്നതും ബി.ജെ.പി രാഷ്ട്രീയവല്‍ക്കരിക്കുകയാണ്. ഒരു പെണ്‍കുട്ടി ഹിജാബ് ധരിച്ച് വന്നാല്‍ അതിനെ എതിര്‍ക്കേണ്ടതില്ല. രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെങ്കില്‍ ആരെങ്കിലും കാവി ഷാള്‍ ഇട്ട് വരുന്നതും എതിര്‍ക്കപ്പെടേണ്ടതില്ല,’ തൃണമൂല്‍ എം.എല്‍.എ മദന്‍ മിത്ര പറഞ്ഞു.

‘വിദ്യാര്‍ത്ഥികളുടെ വസ്ത്രധാരണത്തില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും യൂണിഫോമിറ്റി പുലര്‍ത്തണമെന്ന കോടതി ഉത്തരവുണ്ട്,’ എന്നാണ് വിഷയത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷ അഗ്നിമിത്ര പോള്‍ പ്രതികരിച്ചത്.

Content Highlight: Clash in Bengal school over hijab, saffron scarves, exams cancelled